“മാളികപ്പുറത്തിനേക്കാൾ  ഹൈന്ദവർ ശ്രദ്ധചെലുത്തേണ്ട സിനിമയാണ് 1921 പുഴമുതൽ പുഴവരെ”; രാമസിംഹൻ
1 min read

“മാളികപ്പുറത്തിനേക്കാൾ ഹൈന്ദവർ ശ്രദ്ധചെലുത്തേണ്ട സിനിമയാണ് 1921 പുഴമുതൽ പുഴവരെ”; രാമസിംഹൻ

മലയാള ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ പ്രശസ്തനായ താരമാണ് രാമസിംഹൻ. 1991 പുറത്തിറങ്ങിയ മുഖചിത്രം എന്ന ചിത്രത്തിൻറെ അസോസിയേറ്റ് സംവിധായകനായിരുന്നു ഇദ്ദേഹം. 1988 പുറത്തിറങ്ങിയ മാമലകൾക്കപ്പുറത്ത് എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു. അതിനുശേഷം നിരവധി ചിത്രങ്ങൾ മലയാളത്തിൽ സംവിധാനം ചെയ്തു. മുഖമുദ്ര, പൊന്നു ചാമി,പൈ ബ്രദേഴ്സ്, ജൂനിയർ മാൻഡ്രേക്ക്, കുടുംബവാർത്തകൾ, സീനിയർ മാൻഡ്രേക്ക് തുടങ്ങിയവ ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളിൽ മുൻനിരയിൽ നിൽക്കുന്നവയാണ്. 2018ൽ പുറത്തിറങ്ങിയ അച്ഛൻ, 2002 പുറത്തിറങ്ങിയ ബാംബൂ ബോയ്സ്, 2010 ൽ പുറത്തിറങ്ങിയ സീനിയർ മാൻഡ്രേക്ക് എന്നീ ചിത്രങ്ങളുടെ ഗാനരചയിതാവ് കൂടിയാണ് ഇദ്ദേഹം.

അലി അക്ബർ എന്ന പേര് 2021ൽ അദ്ദേഹം ഉപേക്ഷിക്കുകയും ഇസ്ലാം മതത്തിൽ നിന്ന് മാറി രാമസിംഹൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. സംയുക്ത സേന മേധാവി വിപിൻ റാവത്ത് മരിച്ചപ്പോൾ നിരവധി ആളുകൾ ഫേസ്ബുക്കിൽ ആഹ്ലാദപ്രകടനം നടത്തിയതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ഇസ്ലാം മതം ഉപേക്ഷിച്ചത്. മരണവാർത്തയ്ക്ക് താഴെ ചിരിക്കുന്ന ഇമോജികൾ ഇട്ട ആളുകളോടുള്ള തൻറെ ഉത്തരമാണ് മതം ഉപേക്ഷിക്കാനുള്ള തീരുമാനമെന്നും ഇമോജി ഇടുമ്പോൾ അതിനെതിരെ ശബ്ദിക്കാത്ത ഇവിടുത്തെ മുസൽമാന്റെ മതത്തെ ഞാൻ ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തെപ്പറ്റി രാമസിംഹൻ പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

പ്രഖ്യാപനസമയം മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ അലി അക്ബർ സംവിധാനം ചെയ്ത പുഴ മുതൽ പുഴ വരെ. ചിത്രത്തിന്റെ പുറത്തുവന്ന ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. നാളുകളായി റിലീസ് കാത്തിരുന്ന ചിത്രത്തിന്റെ സെൻസറിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ ഇപ്പോഴും നടക്കുന്ന അവസരത്തിൽ സിനിമയെക്കുറിച്ച് രാമസിംഹൻ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ.. “മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാകും പുഴ മുതൽ പുഴ വരെ. 1921 പുഴ മുതൽ പുഴ വരെ സെൻസർ ബോർഡിൻറെ കോൾഡ് സ്റ്റോറേജിൽ ഇരിപ്പുണ്ട്. നേതാക്കൾ ശോഭിക്കുമെന്ന് കരുതട്ടെ, മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ഹൈന്ദവർ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാകും അത്”.

ഇതേസമയം തന്നെ ചിത്രം രണ്ടാമതും പുനഃപരിശോധന സമിതിക്ക് വിട്ട കേന്ദ്ര ഫിലിം സെൻസർ ബോർഡിൻറെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. സെൻസർ ബോർഡ് ചെയർമാന്റെ തീരുമാനം സിനിമാറ്റോഗ്രാഫർ നിയമത്തിനും ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി നടപടി റദ്ദാക്കിയത്. ഏറെ നാളായി റിലീസിനായി കാത്തിരുന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പ്രതിഷേധവുമായി അടുത്തിടെ ടി ജി മോഹൻദാസ് രംഗത്ത് എത്തുകയും കേന്ദ്ര വാർത്ത വിതരണ മന്ത്രി അനുരാഗ് താക്കൂർ വിഷയത്തിൽ ഇടപെടണമെന്ന് മോഹൻദാസ് ട്വിറ്റ് ചെയ്യുകയും ചെയ്തിരുന്നു.

1921 ലെ മലബാറിന്റെ കലാപത്തിന്റെ പശ്ചാത്തലത്തിൽ വാരിയം കുന്നത്ത് മുഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ചിത്രം പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബർ തൻറെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാര്യങ്കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ചിത്രങ്ങൾ ഇതിനോടൊപ്പം തന്നെ പ്രഖ്യാപിച്ചിരുന്നു. മമധർമ്മ എന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിങ് വഴിയാണ് അലി അക്ബർ ചിത്രം നിർമ്മിച്ചത്.