‘ഭ്രമയുഗ’ത്തിനൊപ്പം ഒടിടിയില്‍ മറ്റൊരു മലയാള ചിത്രവും; സ്ട്രീമിംഗ് ആരംഭിച്ചു
1 min read

‘ഭ്രമയുഗ’ത്തിനൊപ്പം ഒടിടിയില്‍ മറ്റൊരു മലയാള ചിത്രവും; സ്ട്രീമിംഗ് ആരംഭിച്ചു

മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ ശ്രദ്ധ നേടിയ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ എന്നതായിരുന്നു ഭ്രമയുഗത്തിന്‍റെ പ്രധാന യുഎസ്‍പി. തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം ഇന്നു മുതൽ ഒടിടി റിലീസ് ആയിരിക്കുകയാണ്. ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. മലയാളം ഒറിജിനലിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.

അതേസമയം ഭ്രമയുഗത്തിനൊപ്പം മറ്റൊരു പുതിയ മലയാള ചിത്രവും ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. നവാഗതനായ റിയാസ് ഷെരീഫിന്‍റെ സംവിധാനത്തില്‍ ബിജു മേനോന്‍ നായകനായ തുണ്ട് എന്ന ചിത്രമാണ് അത്. ഫെബ്രുവരി 16 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഇത്. പൊലീസുകാരുടെ കഥ പറയുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ജിംഷി ഖാലിദ് എന്നിവർ ചേർന്നാണ്. മറ്റൊരു പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. മലയാളം ഒറിജിനലിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം കാണാനാവും.

മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥ് ഭരതനുമാണ് ഉടനീളമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമാല്‍ഡ ലിസും മണികണ്ഠനുമാണ് മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം എത്തരത്തില്‍ സ്വീകരിക്കപ്പെടുമെന്ന ആശങ്ക അണിയറക്കാര്‍ക്ക് ഉണ്ടായിരുന്നെങ്കിലും ബിഗ് സ്ക്രീനിലെ ഈ വേറിട്ട പരീക്ഷണത്തെ ഇരുകൈയും നീട്ടിയാണ് സിനിമാപ്രേമികള്‍ സ്വീകരിച്ചത്. ആദ്യ 10 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ഈ ചിത്രം 18.90 കോടി നേടിയിരുന്നു. മലയാളം പതിപ്പിന്‍റെ വന്‍ വിജയത്തെ തുടര്‍ന്ന് ഭ്രമയു​ഗത്തിന്‍റെ തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകളും പിന്നീട് തിയറ്ററുകളിലെത്തി. മമ്മൂട്ടിയുടെയും അര്‍ജുന്‍ അശോകന്‍റെയും സിദ്ധാര്‍ഥ് ഭരതന്‍റെയും പ്രകടനങ്ങള്‍ക്ക് വലിയ കൈയടി ലഭിച്ചിരുന്നു. കൊടുമണ്‍ പോറ്റി എന്ന തന്‍റെ കഥാപാത്രത്തിന് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഭാവപ്രകടനമാണ് മമ്മൂട്ടി നല്‍കിയത്.