‘നജീബിന് അഞ്ച് ഭാഷകളിലും ശബ്ദം നൽകുന്നത്  പൃഥ്വിരാജ്…! സന്തോഷം പങ്കുവെച്ച് താരം
1 min read

‘നജീബിന് അഞ്ച് ഭാഷകളിലും ശബ്ദം നൽകുന്നത് പൃഥ്വിരാജ്…! സന്തോഷം പങ്കുവെച്ച് താരം

മലയാള പ്രേക്ഷകർ ഇപ്പോൾ അക്ഷമയോടെ കാത്തിരിക്കുന്ന ഒരു റിലീസ് ആടുജീവിതത്തിന്റേതാണ്. അതിന് കാരണം ബെന്യാമിന്റെ നോവലിലൂടെ നജീബിന്റെ ജീവിതം ഒരു ഏടായി മലയാളികളുടെ മനസിൽ നിലകൊള്ളുന്നുണ്ട് എന്നതാണ്. ബ്ലെസി എന്ന അനുഗ്രഹീത സംവിധായകനും പൃഥ്വിരാജ് എന്ന നടനും സംഗീത മാന്ത്രികൻ എ.ആർ റഹ്മാനും ഒരുമിച്ചപ്പോഴുള്ള വിസ്മയം കാണുക എന്നതാണ് മലയാളി പ്രേക്ഷകരുടെ ആകാംഷ ദിവസം കഴിയുന്തോറും വർധിക്കാനുള്ള മറ്റൊരു കാരണം. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് തന്‍റെ ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

ബെന്യാമിന്‍റെ നോവലിന്‍റെ അതേ പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കഥാനായകന്‍ നജീബ് ആയാണ് പൃഥ്വിരാജ് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. മലയാളത്തില്‍ മാത്രമല്ല, എല്ലാ ഭാഷകളിലും സ്വന്തം കഥാപാത്രത്തിന് ശബ്ദം നല്‍കുന്നത് പൃഥ്വിരാജ് ആണ്.

ആടുജീവിതം ബ്ലെസി ചിത്രീകരിച്ചിരിക്കുന്നത് ലൈവ് സൗണ്ടിലാണ്. അതിനാല്‍ത്തന്നെ മലയാളത്തില്‍ പൃഥ്വിരാജിന് ഡബ്ബ് ചെയ്യേണ്ടിവന്നില്ല. മറ്റ് നാലാ ഭാഷാ പതിപ്പുകള്‍ക്കും അദ്ദേഹം തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. “ഈ കഥാപാത്രത്തിന്‍റെ മുഴുവന്‍ യാത്രയും ഒറ്റത്തവണ പകര്‍ന്നാടിയതിന് ശേഷം നാല് ഭാഷകളിലായി നാല് തവണ അതിലേക്ക് വീണ്ടും പോവുക! ഇതിഹാസം!”, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകളുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം മാര്‍ച്ച് 28 നാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്.

2008ലായിരുന്നു ആടുജീവിതത്തിന് തുടക്കം കുറിക്കുന്നത്. ശേഷം 2018ൽ ചിത്രീകരണം തുടങ്ങി. പിന്നീട് കൊവിഡ് ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ കാരണം ഷൂട്ടിംഗ് നീണ്ടുപോയി.ഒടുവിൽ 2023 ജൂലൈ 14 നാണ് ആടുജീവിതത്തിന്റെ ചിത്രീകരണം പൂർത്തിയായത്. ആടുജീവിതത്തിന് വേണ്ടി പലവിധ ബോഡി ട്രാൻസ്ഫോർമേഷൻ പൃഥ്വിരാജ് നടത്തിയതും മുമ്പ് വാർത്തയായിട്ടുണ്ട്. ആടുജീവിതം നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടുമെന്ന പ്രതീക്ഷയും സിനിമാപ്രേമികൾക്കുണ്ട്.