പ്രീ സെയില്‍സില്‍ വൻ നേട്ടം കൊയ്ത് ആടുജീവിതം ; കളക്ഷൻ റിപ്പോർട്ട്
1 min read

പ്രീ സെയില്‍സില്‍ വൻ നേട്ടം കൊയ്ത് ആടുജീവിതം ; കളക്ഷൻ റിപ്പോർട്ട്

പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം സിനിമയില്‍ വലിയ പ്രതീക്ഷകളാണ്. ജനപ്രീതിയുടെ പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ച, ബെന്യാമിന്‍ രചിച്ച ആടുജീവിതം നോവലിനെ ആസ്പദമാക്കുന്ന സിനിമ എന്നതാണ് അതിന് പ്രധാന കാരണം. കൊവിഡ് ഉള്‍പ്പെടെയുള്ള തടസങ്ങളാലും കാന്‍വാസിന്‍റെ വലിപ്പത്താലുമൊക്കെ ആശയത്തില്‍ നിന്നും സ്ക്രീനിലേക്ക് എത്താന്‍ 16 വര്‍ഷമെടുത്ത ആടുജീവിതം അവസാനം തിയറ്ററുകളിലേക്ക് എത്തുകയാണ്. സംവിധാനം നിര്‍വഹിക്കുന്നത് ബ്ലസ്സിയാണ്. റിലീസ് മാര്‍ച്ച് 28ന്. പൃഥ്വിരാജിന്റെ വമ്പൻ റിലീസായ ആടുജീവിതത്തിന്റെ ടിക്കറ്റ് ബുക്കിംഗില്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ നേട്ടമുണ്ടാക്കാനായിട്ടുണ്ട്. റിലീസിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ അഡ്വാന്‍സ് ബുക്കിംഗില്‍ ഞെട്ടിക്കുകയാണ് ചിത്രം.

കേരളത്തില്‍ മാത്രം ചിത്രം ഇതുവരെ വിറ്റത് 1.05 ലക്ഷം ടിക്കറ്റുകളാണെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ വാട്ട് ദി ഫസ് അറിയിക്കുന്നു. ഇതിലൂടെ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍ 1.75 കോടിയാണ്! ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ പ്രതികരണമാണ് ഇത്. ഈ ചിത്രത്തിനായി പ്രേക്ഷകര്‍ക്കിടയിലുള്ള കാത്തിരിപ്പ് എന്തെന്ന് വ്യക്തമാക്കുന്നുമുണ്ട് ഇത്. ഇന്നലെ അര്‍ധരാത്രിക്ക് മുന്‍പുള്ള കണക്കാണ് ഇത്. ഇനിയുള്ള മൂന്ന് ദിവസങ്ങളിലൂടെ അഡ്വാന്‍സ് ബുക്കിംഗില്‍ ചിത്രം ഏറെ മുന്നേറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ആദ്യദിനം പോസിറ്റീവ് അഭിപ്രായങ്ങള്‍ വരുന്നപക്ഷം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലതും തകര്‍ക്കാന്‍ സാധ്യതയുള്ള ചിത്രമാണിത്. പ്രേമലുവിനും മഞ്ഞുമ്മല്‍ ബോയ്സിനും ശേഷം മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ചിത്രമായാണ് ആടുജീവിതം വിലയിരുത്തപ്പെടുന്നത്. മറ്റ് തെന്നിന്ത്യന്‍ നഗരങ്ങളിലും മുംബൈയിലും ആടുജീവിതം ടീം പ്രസ് മീറ്റ് നടത്തിയിരുന്നു. ഒപ്പം നിരവധി അഭിമുഖങ്ങളും നല്‍കി. എ ആര്‍ റഹ്‍മാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്‍റെ സൌണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി ആണ്.

രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയില്‍ പത്തനംതിട്ടയിലായിരുന്നു ‘ആടുജീവിതം’ സിനിമ ചിത്രീകരണം നടൻ പൃഥ്വിരാജും ബ്ലസിയും തുടങ്ങിയത്. അതേവര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ തുടങ്ങിയിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ജൂണ്‍ 14ന് ചിത്രീകരണം പൂര്‍ത്തിയായി.