”റാം ഒരുക്കാനുദ്ദേശിക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ചിത്രങ്ങളുടെ പാറ്റേണില്‍” ; വെളിപ്പെടുത്തി ജീത്തു ജോസഫ്
ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിയ്ക്കുന്നുവെന്ന് പറഞ്ഞാല്‍ തന്നെ പ്രേക്ഷകര്‍ക്ക് അതൊരു ആഘോഷമാണ്. ഇരുവരും ഒന്നിച്ചിട്ടുള്ള ചിത്രങ്ങളെല്ലാം തന്നെ വന്‍ ഹിറ്റായിരുന്നു. മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. ഇതിന്ശേഷം പ്രേക്ഷകരും ആരാധകരും ഉറ്റു നോക്കുന്നത് റാം എന്ന ചിത്രത്തിലേക്കാണ്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ട്വല്‍ത്ത് മാനിന് മുന്നേ പ്രഖ്യാപിച്ച ചിത്രമായിരന്നു റാം. വലിയ കാന്‍വാസില്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് റാം.
വിദേശത്താണ് റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് നടക്കുന്നത്. ചിത്രം ഒരുക്കുന്നത് ഒരു ആക്ഷന്‍ ത്രില്ലറായിട്ടാണെന്ന് ജീത്തു ജോസഫ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. എന്നാല്‍ സാധാരണ നമ്മള് ഇവിടെ കണ്ടുവരുന്ന ആക്ഷന്‍ ചിത്രങ്ങളേക്കാള്‍ കുറച്ചുകൂടി റിയലസ്റ്റിക്ക് ആയി ഹോളിവുഡ് ചിത്രങ്ങളുടെ ആക്ഷന്‍ പാറ്റേണ്‍ ആണ് പിന്തുടരുന്നതെന്നുമാണ് ജീത്തു ജോസഫ് വ്യക്തമാക്കുന്നത്. വിദേശത്ത് ഷൂട്ടുള്ളതുകൊണ്ട് നമ്മുടെ കയ്യിലല്ല കാര്യങ്ങള്‍. റീലിസ് എന്നാണെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഈ വര്‍ഷം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാമെന്നും ജീത്തു ജോസഫ് പറയുന്നു.
ചിത്രത്തില്‍ നായിക വേഷം ചെയ്യുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷയാണ്. ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ യുകെ ഷെഡ്യൂള്‍ ജൂണ്‍ അവസാനം പുനരാരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന റാമിന്റെ രചനയും ജീത്തുവിന്റേത് തന്നെയാണ്. സിദ്ദിഖ്, സായ്കുമാര്, ആദില്‍ ഹുസൈന്, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങി വലിയ താരനിരയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ദൃശ്യത്തിനു ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റേതായി പുറത്തുവരേണ്ടിയിരുന്ന ചിത്രമായിരുന്നു റാം.
കൊറോണയുടെ വ്യാപനവും ലോക്ക്ഡൗണും കാരണം ചിത്രത്തിന്റെ ഷൂട്ടിംങ് നീണ്ടുപോവുകയായിരുന്നു. വിദേശത്തും ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരുന്ന ചിത്രത്തിന്റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കെയായിരുന്നു ലോക്ക്ഡൗണ്‍ വന്നത്. ഇതേതുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. ഈ ഇടവേളയിലായിരുന്നു മോഹന്‍ലാലിനൊപ്പം ട്വല്‍ത്ത് മാന്‍ എന്ന ചിത്രം ചെയ്തത്. ട്വല്‍ത്ത് മാന്‍ ഹാട്രിക്ക് വിജയമാണ് നേടിയിരിക്കുന്നത്. 14 പേരോളം മാത്രം അണിനിരക്കുന്ന മോഹന്‍ലാല്‍ ചിത്രമാണു ‘ട്വല്‍ത്ത് മാന്‍’. മിസ്റ്ററിയാണു പശ്ചാത്തലം.