‘അവസാന നാളുകളിൽ കരൾ പകുത്തു നൽകാൻ തുനിഞ്ഞിയെങ്കിലും അദ്ദേഹം സമ്മതിച്ചില്ല’; നെടുമുടി വേണുവിന്റെ ഭാര്യ മനസ്സ് തുറക്കുന്നു
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായിരുന്നു നെടുമുടി വേണു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് ഉണ്ടായ തീരാനഷ്ടം തന്നെയാണ്. ഇപ്പോഴത്തെ നെടുമുടി വേണു മരിച്ചിട്ട് ഒരാണ്ടിലേക്ക് കടക്കുന്ന ഈ അവസരത്തിൽ അദ്ദേഹത്തെ പറ്റിയുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയായ സുശീല. ” ആലപ്പുഴ എസ്ഡി കോളേജിലാണ് ഞങ്ങൾ പഠിച്ചത്. ഞാൻ കോളേജിൽ പഠിക്കാൻ എത്തിയപ്പോഴേക്കും അദ്ദേഹം പഠനം കഴിഞ്ഞു പോയിരുന്നു. എങ്കിലും ഇടയ്ക്ക് കോളേജിലേക്ക് വരും. കൂട്ടത്തിൽ ഫാസിലും ഉണ്ടാകും. ഒരിക്കൽ എനിക്ക് പനിപിടിച്ചു കിടപ്പിലായി. അന്ന് നെടുമുടിയിലാണ് ഞങ്ങളുടെ തറവാട്. ‘ചെറിയാച്ഛന്റെ ക്രൂരകൃത്യങ്ങൾ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ആലപ്പുഴയിൽ നടക്കുകയാണ്. അടൂർ ഭാസി സാറും കൂടെ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. അന്നാണ് എന്നോട് ‘സുശീലയെ ഇഷ്ട്ടമാണ്, കല്യാണം കഴിക്കാൻ താൽപ്പര്യമുണ്ടെന്നു അദ്ദേഹം പറഞ്ഞു.
അന്ന് അദ്ദേഹം സിനിമയിൽ അഭിനയിച്ചു തുടങ്ങിയിട്ടേയുള്ളൂ. ഞങ്ങൾ ബന്ധുക്കൾ കൂടിയായിരുന്നു. ആരും വിവാഹത്തെ എതിർക്കില്ലെന്നാണ് കരുതിയത്. അങ്ങനെ അദ്ദേഹം എന്റെ അച്ഛനെ വന്നു കണ്ടു കാര്യം പറഞ്ഞു. അതിനു മറുപടിയായി അച്ഛൻ ഒന്നും മിണ്ടിയില്ല. പകരം അദ്ദേഹത്തിന്റെ അമ്മയ്ക്ക് കത്തെഴുതിയിട്ട് ഈ ബന്ധത്തിന് താല്പര്യമില്ലെന്ന് പറഞ്ഞു. ഇതിനുശേഷം വീട്ടുകാർ എനിക്ക് കല്യാണം ആലോചിച്ചു തുടങ്ങി. കുറച്ചുകാലം കൂടി കഴിഞ്ഞപ്പോൾ ശശിയേട്ടൻ വീണ്ടും അച്ഛനെ പോയി കണ്ടു. അന്നേരവും അച്ഛൻ സമ്മതിച്ചില്ല. എന്തായാലും വിവാഹം കഴിക്കാൻ തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം. അങ്ങനെ ശശിയേട്ടന്റെ മൂത്ത സഹോദരന്റെ വീട്ടിൽ താമസിച്ച് കല്യാണത്തിന് പോയി. ഞങ്ങളുടെ കല്യാണമാണെന്ന് അറിഞ്ഞതോടെ പലരും വന്നു.
ഇതിനുശേഷമാണ് ശശിയേട്ടന് സിനിമയിൽ കൂടുതൽ തിരക്കാവുന്നത്. പല കാര്യങ്ങളിലും അല്പം നിർഭാഗ്യം അദ്ദേഹത്തിന് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവാർഡിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. പിന്നെ ചെറുപ്പം മുതലേ പ്രമേഹം അലട്ടിയിരുന്നു. ആഹാര കാര്യത്തിലൊക്കെ ശ്രദ്ധ പുലർത്തി. കരളിനെ ക്യാൻസർ ബാധിച്ചപ്പോഴും പ്രതീക്ഷുണ്ടായിരുന്നു. മൂന്ന് ശസ്ത്രക്രിയ ചെയ്തിട്ടും ഫലം ഉണ്ടായില്ല. കരൾ മാറ്റിവെക്കണമായിരുന്നു. കരൾ പകുത്തു നൽകാൻ ഞാൻ തയ്യാറായിരുന്നുവെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ‘ആയുസ് വില കൊടുത്തു വാങ്ങിയാലും വലിയ ഫലം ചെയ്യില്ല, ജനനത്തിന് സ്വാഭാവികമായ മരണമുണ്ട്. അത് നടക്കേണ്ട സമയത്ത് നടക്കുമെന്നും’ അദ്ദേഹം പറയുമായിരുന്നു”. താര പത്നി പറയുന്നു.