‘ദേശീയതയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് മേ ഹൂം മൂസ’ ; സുരേഷ് ഗോപി
1 min read

‘ദേശീയതയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് മേ ഹൂം മൂസ’ ; സുരേഷ് ഗോപി

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ സുരേഷ് ഗോപി ചിത്രമാണ് ‘മേ ഹൂം മൂസ’. സെപ്റ്റംബര്‍ 30നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒക്ടോബര്‍ അഞ്ചാം തീയതി മുതല്‍ കേരളത്തിന് പുറത്തും ആറാം തീയതി മുതല്‍ ജിസിസി ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. തികഞ്ഞ രാജ്യസ്‌നേഹിയായ സൈനികന്‍ പൊന്നാനിക്കാരന്‍ മുഹമ്മദ് മൂസയായി സുരേഷ് ഗോപി നിറഞ്ഞാടുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ജിബു ജേക്കബാണ് മേ ഹൂം മൂസ ഒരുക്കിയിരിക്കുന്നത്.

ഇപ്പോഴിതാ മേ ഹൂം മൂസ സിനിമയെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞ ചില വാക്കുകളാണ് വൈറലാവുന്നത്. ദേശീയതയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് മേ ഹൂം മൂസ. ദേശീയതയുടേയും ദേശസ്‌നേഹത്തിന്റെയും പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ ആരാണെന്ന് ചിത്രം തുറന്ന് കാണിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറയുന്നു. മതചിന്തകള്‍ ഇല്ലാതെ എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ടവരാണ് എന്ന് കാണിച്ചു തരുന്ന സാഹോദര്യത്തിന്റെ സന്ദേശമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്. ദേശീയത, ദേശസ്‌നേഹം, ദേശവിരുദ്ധന്‍ എന്നൊക്കെ പറഞ്ഞ് വൃത്തിക്കെട്ട രാഷ്ട്രീയത്തിന് വേണ്ടി മുതലെടുപ്പ് നടത്തുന്നവരുണ്ട്. അതാരാണെന്ന് ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടാകും. സിനിമ കണ്ടാല്‍ വ്യക്തമായിട്ട് മനസിലായിക്കോളും. ഇതൊന്നും ചര്‍ച്ചക്കോ ചിന്തയിലേക്ക് പോലും എടുക്കരുതെന്ന് മതചിന്തകള്‍ പൊളിച്ച് നമ്മളെല്ലാം ഒത്തുകൂടി സഹോദരങ്ങളായിട്ട് നില്‍ക്കണമെന്നും പറയുന്ന സിനിമയാണിതെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു.

കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിശാലമായ ക്യാന്‍വാസില്‍ വലിയ മുതല്‍ മുടക്കോടെ ഒരുക്കുന്ന ചിത്രം ഒരു പാന്‍ ഇന്‍ഡ്യന്‍ സിനിമയാണ്. പൂനം ബജ്വാ ആണ് നായിക. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. റുബിഷ് റെയ്ന്‍ ആണ് രചന നിര്‍വ്വഹിക്കുന്നത്.