Artist, Latest News, Upcoming Releases

“അന്നും ഇന്നും ലേഡീ സൂപ്പർസ്റ്റാർ ഉർവശിയാണ്.. അവർക്ക് പകരമാവില്ല ആരും”

തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് കവിതാ രഞ്ജിനി എന്ന ഉർവശി. നാല് സഹോദരങ്ങളാണ് ഉർവശിക്ക് ഉള്ളത്. കലാരഞ്ജിനി, കൽപ്പന, കമൽ റോയ്, പ്രിൻസ്. നാലുപേരും സിനിമാതാരങ്ങൾ ആയിരുന്നു. തന്റെ എട്ടാം വയസ്സിൽ അഭിനയ മേഖലയിലേക്ക് കടന്നുവന്ന താരമാണ് ഉർവശി. 1978ല്‍ റിലീസ് ചെയ്ത വിടരുന്ന മൊട്ടുകൾ എന്ന ആദ്യ ചിത്രത്തിൽ സഹോദരി കൽപ്പനയ്ക്കൊപ്പം താരം പ്രത്യക്ഷപ്പെട്ടു. കൽപ്പനയുടെ ആദ്യ ചിത്രവും ഇതുതന്നെയായിരുന്നു. അതിനുശേഷം 1979 കതിർമണ്ഡപം എന്ന ചിത്രത്തിൽ ജയഭാരതിയുടെ മകളായി അഭിനയിച്ചു. 1980 ശ്രീവിദ്യയുടെ ഡാൻസ് സ്റ്റുഡൻറ് ദ്വിഗ് വിജയം എന്ന സിനിമയിലും അഭിനയിച്ചു. നിനവുകൾ മറയുവതില്ലേ എന്ന തമിഴ് ചിത്രത്തിലും ബാലനടിയായി പ്രത്യക്ഷപ്പെട്ട താരം ആ ചിത്രം റിലീസ് ആകാതെ വരികയും പിന്നീട് തൻറെ പതിമൂന്നാം വയസ്സിൽ നായികയായി അരങ്ങേറുകയും ചെയ്തു. കാർത്തിക്ക് നായകനായ തുടരും ഉണർവ് എന്ന ചിത്രത്തിലായിരുന്നു അത്.

1983 ഷൂട്ടിംഗ് പൂർത്തിയായ ചിത്രം റിലീസ് വൈകിയാണ് പുറത്തിറങ്ങിയത്.താരം നായിക ആയി റിലീസ് ആയ ആദ്യചിത്രം 83 റിലീസ് ചെയ്ത ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണി മുടിച്ച് ആയിരുന്നു. താരത്തിന്റെ കരിയറിലെ തന്നെ ഒരു വഴിത്തിരിവായിരുന്നു ആ ചിത്രം. 1985 മുതൽ 95 വരെയുള്ള കാലഘട്ടം മലയാളത്തിൽ ഏറ്റവും തിരക്കുള്ള നായികയായി ഉർവശി തിളങ്ങി. 500ലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും തിളങ്ങുകയുണ്ടായി. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങൾ ഉർവശി കഥ എഴുതിയതാണ്. പിടക്കോഴി കൂവുന്ന നൂറ്റാണ്ടിന്റെ നിർമ്മാതാവും ഉർവശി തന്നെയാണ്. അഞ്ചുതവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉർവശി കരസ്ഥമാക്കി. ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു. 2006 മികച്ച സഹനടിക്കുള്ള അവാർഡ് അച്ചുവിൻറെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഉർവശി നേടിയെടുത്തു.

ഒരേ തരത്തിലുള്ള കഥാപാത്രങ്ങളിൽ ഒതുങ്ങി നിൽക്കാതെ അമ്മയായും സഹോദരിയും കാമുകിയായും ഭാര്യയായും വേലക്കാരിയായി ഒക്കെ ഉർവശി സിനിമയിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരം എക്കാലത്തെയും മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ കൂട്ടത്തിൽ ആദ്യ പേരുകളിൽ ഒന്നായി തൻറെ സ്ഥാനം ഉറപ്പിച്ചും കഴിഞ്ഞു. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കാനുള്ള കഴിവ് ഉർവശിയെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്ത ആക്കി നിർത്തുന്നുണ്ട്. തനിക്ക് അഭിനയിക്കാൻ ഏറെ പ്രയാസം ഉള്ളത് പ്രണയ രംഗങ്ങൾ ആണെന്ന് ഉർവശി പറയുകയും ചെയ്തിട്ടുണ്ട്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡികൾ ആയിരുന്നു ജയറാമും ഉർവശിയും. നിരവധി സിനിമകളിൽ നായിക- നായകന്മാരായി ഇരുവരും പ്രത്യക്ഷപ്പെടുകയും അവയെല്ലാം സൂപ്പർഹിറ്റുകളായി മാറുകയും ചെയ്തിട്ടുണ്ട്.

ഞാൻ നടന്റെ നായികയായിരുന്നില്ല എന്നും ഞാൻ സംവിധായകരുടെ ഹീറോയിൻ ആയിരുന്നു എന്നും അതുകൊണ്ട് അതുമാത്രം നോക്കിയാൽ മതി എനിക്ക് എന്നും മുൻപ് ഉർവശി പറഞ്ഞത് ഏറെ വൈറലായിരുന്നു. “എൻറെ പാർട്ടിസിപ്പേഷൻ കൊണ്ട് ആ പടത്തിനു ഗുണമുണ്ടാകണം എന്ന ചിന്ത അല്ലാതെ ആ സിനിമ കൊണ്ട് എനിക്ക് മാത്രം ഗുണമുണ്ടാകണം എന്ന് ചിന്തിച്ച് ഒരു സിനിമയിലും ഞാനിതുവരെ വർക്ക് ചെയ്തിട്ടില്ല. അങ്ങനെ ഒരു ഹീറോയിൻ ആയിരുന്നില്ല ഞാൻ” എന്നും ഉർവശി പറഞ്ഞിരുന്നു. മലയാളത്തിൽ എത്ര ലേഡീ സൂപ്പർസ്റ്റാറുകൾ ഉണ്ടായാലും ഉർവശി എന്ന താരത്തിന് പകരക്കാരിയാകുവാൻ അവർക്ക് ആർക്കും എൻറെ കാഴ്ചപ്പാടിൽ കഴിയില്ല എന്ന് മുൻപ് മഞ്ജു പിള്ളയും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ 700 ചിത്രത്തിന്റെ നിറവിൽ നിൽക്കുകയാണ് ഉർവശി. ഉർവശിയെ കേന്ദ്ര കഥാപാത്രം ആക്കി പ്രിയദർശൻ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് അപ്പാത്താ. മുംബൈയിൽ നടന്ന ഷാങ് ഹായി കോർപ്പറേഷൻ ഓർഗനൈസേഷൻ ചലച്ചിത്രമേളയിൽ ആദ്യം പ്രദർശിപ്പിച്ച ചിത്രവും അപ്പാത്ത ആയിരുന്നു. 1993 പുറത്തിറങ്ങിയ മിഥുനത്തിലാണ് ഉർവശിയും പ്രിയദർശനും അവസാനമായി ഒരുമിച്ച് പ്രവർത്തിച്ചത്.