കച്ചമുറുക്കി ‘ടർബോ ജോസ്’ എത്തുന്നു….!!! റിലീസ് വിവരം
1 min read

കച്ചമുറുക്കി ‘ടർബോ ജോസ്’ എത്തുന്നു….!!! റിലീസ് വിവരം

എന്നും വ്യത്യസ്തകൾക്ക് പുറകെ പോകുന്ന നടൻ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടാകൂ, മമ്മൂട്ടി. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ മറ്റാരാലും പകർന്നാടാൻ സാധിക്കാത്തത്ര പകർന്നാട്ടങ്ങളാണ് അദ്ദേഹം ബിഗ് സ്ക്രീനിൽ ചെയ്തുവച്ചിരിക്കുന്നത്. അക്കൂട്ടത്തിലെ ഏറ്റവും അവസാന ചിത്രം ആയിരുന്നു ഭ്രമയുഗം. സമീപകാലത്ത് അല്പം സീരിയസ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യുന്ന മമ്മൂട്ടി, ആക്ഷൻ-കോമഡിയിലേക്ക് തിരിഞ്ഞ ചിത്രമാണ് ടർബോ. മിഥുൻ മാനുവലിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ ആണ് ചിത്രം. ആക്ഷൻ- കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ വന്ന പ്രമോഷണൽ മെറ്റീരിയലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ടർബോയുടെ റിലീസ് വിവരം പുറത്തുവരികയാണ്.

ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം മെയ് 9ന് ടർബോ റിലീസ് ചെയ്യും. ഇതിന്റെ ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ടർബോ മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. മമ്മൂട്ടിക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ടർബോയിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് വിയറ്റ്നാം ഫൈറ്റേർസാണ് എന്നത് ശ്രദ്ധേയമാണ്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് അപൂർമായൊരു കാഴ്ചയാണ്.

വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കുന്നു. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ടർബോ’. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും ഓവർസീസ് റീലീസ് ട്രൂത്ത് ഗ്ലോബൽ ഫിലിംസും കൈകാര്യം ചെയ്യും.