”ഞങ്ങൾ ഓസ്കാർ നേടിയാൽ അത് അത്ഭുതമാകും”; ആടുജീവിതത്തിന് ഓസ്കാർ ലഭിക്കണമെന്ന് പൃഥ്വിരാജ്
1 min read

”ഞങ്ങൾ ഓസ്കാർ നേടിയാൽ അത് അത്ഭുതമാകും”; ആടുജീവിതത്തിന് ഓസ്കാർ ലഭിക്കണമെന്ന് പൃഥ്വിരാജ്

ബ്ലസ്സി – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി മലയാള ചലച്ചിത്രലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ആടുജീവിതം സിനിമയ്ക്ക് ഓസ്‌കർ ലഭിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞിരിക്കുകയാണ് നടൻ പൃഥ്വിരാജ്. അടുത്ത വർഷത്തെ അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഈ ചിത്രമാണെങ്കിൽ തങ്ങൾക്ക് കൂടുതൽ സന്തോഷമാകും എന്നാണ് പൃഥ്വിരാജ് പറയുന്നത്.

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭുമുഖത്തിലാണ് നടൻ മനസ് തുറന്നത്. ”ഈ സിനിമ അന്താരാഷ്ട്രതലത്തിൽ സഞ്ചരിക്കണമെന്ന് ഞങ്ങൾ എപ്പോഴും ആഗ്രഹിച്ചിരുന്നു. അടുത്ത വർഷത്തെ അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഈ ചിത്രമാണെങ്കിൽ ഞങ്ങൾക്ക് കൂടുതൽ സന്തോഷമാകും. ഞങ്ങൾ ഓസ്‌കർ നേടിയാൽ അത് അത്ഭുതമാകും.

എന്നാൽ, സിനിമ ആഗോളതലത്തിൽ ബ്ലോക്ക്ബെസ്റ്റർ ആകുന്നതാണോ അക്കാദമി അവാർഡ് ആണോ പ്രധാനം എന്ന് ചോദിച്ചാൽ, അക്കാദമി അവാർഡ് രണ്ടാമതാകും. ലോകമെമ്പാടുമുള്ള ആളുകൾ ഇപ്പോൾ സിനിമ പ്രദർശിപ്പിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. സിനിമ പുറത്തിറങ്ങിക്കഴിഞ്ഞാൽ അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സ്വാഭാവികമായും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു”- പൃഥ്വിരാജ് വ്യക്തമാക്കി.

അതേസമയം, മാർച്ച് 28ന് ആണ് ആടുജീവിതം റിലീസ് ചെയ്യുന്നത്. ബെന്യാമിന്റെ പ്രശസ്ത നോവൽ ആടുജീവിതം പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിനായി 31 കിലോ ഭാരം പൃഥ്വിരാജ് കുറച്ചിരുന്നു. പൃഥ്വിരാജിന്റെ ഈ ട്രാൻസ്‌ഫൊമേഷൻ സിനിമയ്ക്ക് നല്ല ഹൈപ്പ് നൽകിയിട്ടുണ്ട്. 16 വർഷത്തോളമാണ് സംവിധായകൻ ബ്ലെസി ഈ സിനിമയ്ക്കായി ചിലവിട്ടത്. മലയാളത്തിലെ മുൻനിര സംവിധായകൻ ആയ ബ്ലെസി സിനിമയിൽ നിന്നും മാറി ആടുജീവിതത്തിനായി സമയം ചിലവഴിക്കുകയായിരുന്നു.

ലോക്ഡൗൺ സമയത്ത് പൃഥ്വിരാജും ബ്ലസ്സിയും ഉൾപ്പെടെയുള്ള ചിത്രീകരണ സംഘം ജോർദാനിൽ പരിമിതമായ സൗകര്യങ്ങളിൽ കുടുങ്ങിപ്പോയതും വാർത്തയായിരുന്നു. ഇപ്പോൾ സിനിമയുടെ പ്രീ പ്രമോഷന്റെ ഭാ​ഗമായി അണിയറപ്രവർത്തകർ സംസാരിക്കുമ്പോഴാണ് ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. ചിത്രത്തിൽ വ്യത്യസ്ത നാല് ലുക്കുകളിലാണ് പൃഥ്വിരാജ് എത്തുന്നത്. നടി അമല പോളാണ് ആടുജീവിതത്തിലെ നായിക.