‘മമ്മൂട്ടിയെ കൊണ്ടു നിര്‍ത്തിയാല്‍ തന്നെ ഒരു ഉത്സവമാണ്’ ; മാസ് ഡയറക്ടര്‍ ഷാജി കൈലാസ് വെളിപ്പെടുന്നു
1 min read

‘മമ്മൂട്ടിയെ കൊണ്ടു നിര്‍ത്തിയാല്‍ തന്നെ ഒരു ഉത്സവമാണ്’ ; മാസ് ഡയറക്ടര്‍ ഷാജി കൈലാസ് വെളിപ്പെടുന്നു

ലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടി ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങി ദി കിംഗിലെ മമ്മൂട്ടിയുടെ കളക്ടര്‍ കഥാപാത്രം. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സായി തീയറ്റര്‍ നിറഞ്ഞുനിന്ന മമ്മൂട്ടിയെ പ്രേക്ഷകര്‍ നിറഞ്ഞ കൈയടികളോടെയാണ് ഇന്നും എതിരേല്‍ക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്‌റ്റൈലിനും മാനറിസങ്ങള്‍ക്കും തന്നെ ഇപ്പോഴും ആരാധകരുണ്ട്. ചിത്രത്തിലെ ഡയലോഗുകള്‍ പോലും ആരാധകര്‍ക്ക് കാണാപ്പാഠമാണ്. മാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. അലി നിര്‍മ്മിച്ച ചിത്രം 1995-ല്‍ ആയിരുന്നു പ്രദര്‍ശനത്തിനെത്തിയത്. രഞ്ജി പണിക്കര്‍ തിരക്കഥ രചിച്ച ദി കിംഗ് അന്ന് തീയറ്ററുകള്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു.

ദി കിംഗിന്റെ രണ്ടാം ഭാഗത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ ഷാജി കൈലാസിനോട് എപ്പോഴും ഏതൊരു അഭിമുഖത്തിലും ചോദിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. കിംഗിന്റെ രണ്ടാം ഭാഗം സംഭവിക്കുമോയെന്ന് തനിക്ക് പറയാനാകില്ലെന്നും പറ്റിയ എഴുത്തുകാരെ കിട്ടിയാല്‍ മാത്രമേ അത് നടക്കുകയുള്ളൂവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇക്കാരം തുറന്ന് പറഞ്ഞിരിക്കുന്നത്.

മമ്മൂട്ടിയെ കൊണ്ടു നിര്‍ത്തിയാല്‍ തന്നെ ഒരു ഉത്സവമാണ്. ഭയങ്കര ജെന്റില്‍ ആന്‍ഡ് മാന്‍ലിയല്ലേ. ഒരു പവറുണ്ട്. അദ്ദേഹത്തിന്റെ ഒരു നോട്ടമുണ്ട് ചെരിഞ്ഞ് നിന്നുകൊണ്ട്. അത് കാണുമ്പോള്‍ തന്നെ നമുക്ക് ഒരു ഫീല്‍ കിട്ടും. ദി കിംഗ് രണ്ടാം ഭാഗം വരുമോയെന്ന് എനിക്കറിയില്ല. അതൊക്കെ ഉണ്ടെങ്കിലല്ലേ പറയാന്‍ പറ്റൂ. അതെല്ലാം എല്ലാവരും കൂടി തീരുമാനിക്കേണ്ടതാണ്. എനിക്ക് എഴുതാന്‍ അറിയില്ല. അത്‌കൊണ്ട് എഴുത്തുകാര്‍ വന്നാലെ എന്തെങ്കിലും നടക്കൂ. മമ്മൂട്ടിയെ ആദ്യമായി കാണുന്നത് പാവം പൂര്‍ണിമ എന്ന സിനിമ ചെയ്യുന്ന സമയത്താണെന്നും ഷാജി കൈലാസ് പറയുന്നു.

പിന്നെ ആ രാത്രി എന്ന സിനിമയുടെ ഷൂട്ട് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ജില്ലാ കോടതിയിലാണ് നടക്കുന്നത്. അന്ന് മമ്മൂക്ക സ്റ്റൈലായിട്ട് വന്ന് ഇറങ്ങുന്നതൊക്കെ കണ്ടിരുന്നു. പിന്നെ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പരിചയമായി. നല്ല ഒരു ബന്ധം ഉണ്ടായിരുന്നു. ചിലപ്പോള്‍ വഴക്കുണ്ടാക്കാറുണ്ട് മമ്മൂക്ക. അത് സ്‌നേഹത്തോടെയുള്ള വഴക്കായിരിക്കും. വഴക്കുണ്ടാക്കിയാല്‍ അടുപ്പം കൂടും, അങ്ങനെയാണ്. അദ്ദേഹത്തിന് വലിയ നല്ലൊരു മനസ്സുണ്ട്. എവിടെ കണ്ടാലും ഓടി വരുകയും കുടുംബത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യാറുണ്ട്. ഈയിടക്ക് കണ്ടപ്പോഴും പറഞ്ഞു, ഷാജിയൊക്കെ കെട്ടി വലിയ കുട്ടികളായല്ലേ എന്ന്.

മമ്മൂക്ക കുറച്ച് ചൂസിയായി എന്ന തോന്നുന്നു. അവസാനം കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, ഭീഷ്മ പര്‍വം പോലെയുള്ള സിനിമകള്‍ വേണമെന്ന്. എന്നും അത് ചെയ്തോണ്ടിരുന്നാല്‍ മതിയോ, പല തരത്തിലുള്ള പടങ്ങള്‍ ചെയ്യണ്ടേ, ഞാനൊരു ആര്‍ട്ടിസ്റ്റല്ലേ എന്നായിരുന്നു മമ്മൂക്ക മറുപടി നല്‍കിയത്. അതൊക്കെ ഓക്കെ, ഞങ്ങള്‍ക്ക് ഇഷ്ടം അങ്ങനത്തെ സാധനങ്ങളാണെന്ന് പറഞ്ഞു. ഞങ്ങളൊക്കെ അതിന്റെ ആരാധകരാണ്. അദ്ദേഹം ഒരു സ്‌റ്റൈലായിട്ട് ചെയ്തതുകൊണ്ടാണ് ഞാന്‍ ഭീഷ്മ പര്‍വ്വം കാണാന്‍ പോകുന്നതെന്നും തനിക്ക് വളരെ ഇഷ്ടമാണ് അങ്ങനത്തെ സിനിമകളെന്നും ഷാജി കൈലാസ് വ്യക്തമാക്കുന്നു.