’50കോടി അല്ലടാ..70 കോടിയായി’; ‘കണ്ണൂര്‍ സ്‌ക്വാഡ്’ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്കെന്ന് ശബരീഷ്
1 min read

’50കോടി അല്ലടാ..70 കോടിയായി’; ‘കണ്ണൂര്‍ സ്‌ക്വാഡ്’ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്കെന്ന് ശബരീഷ്

വന്‍ ഹൈപ്പോ പ്രൊമോഷന്‍ പരിപാടികളോ ഒന്നും ഇല്ലാതെ വന്ന് വിജയക്കിരീടം ചൂടിയിരിക്കുകയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മമ്മൂട്ടി ചിത്രം മാറുമ്പോള്‍, മലയാളികള്‍ക്കും ആവേശത്തിമിര്‍പ്പ്. മികച്ച മൗത്ത് പബ്ലിസിറ്റിയോടെ തുടക്കമായ ചിത്രം ഇപ്പോള്‍ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം ഒരുപിടി സിനിമകള്‍ പുറത്തിറങ്ങിയെങ്കിലും അവയെ എല്ലാം മറികടന്ന് ‘സൂപ്പര്‍ സ്‌ക്വാഡി’ന്റെ കളക്ഷന്‍ തേരോട്ടം തുടരുകയാണ്. ഇതിനികം കണ്ണൂര്‍ സ്വകാഡ് 50 കോടി നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ശബരീഷ് വര്‍മ്മയുടെ ഒരു വീഡിയോയാണ് വൈറലാവുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലാണ് ശബരീഷ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. കണ്ണൂര്‍ സ്‌ക്വാഡ് സംഘത്തിലെ ഒരാളായിട്ടായിരുന്നു ശബരീഷ് എത്തിയത്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ ശബരീഷിന്റെ ഒരു വീഡിയോ ആണ് വൈറല്‍ ആകുന്നത്.

തിയറ്ററില്‍ നിന്നും സിനിമ കണ്ടിറങ്ങുന്ന ശബരീഷ് വര്‍മയെ വീഡിയോയില്‍ കാണാം. ഇതിനിടയില്‍ കണ്ണൂര്‍ സ്‌ക്വാഡ് അന്‍പത് കോടി പിന്നിട്ടതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നുണ്ട്. ഇതിന് എഴുപത് കോടി ആയി എന്നാണ് ശബരീഷ് നല്‍കുന്ന മറുപടി. ഒപ്പം കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയത്തില്‍ വളരെയധികം സന്തോഷവാനാണ് എന്നും ശബരീഷ് പറയുന്നുണ്ട്. ’50കോടി അല്ലടാ…70 കോടിയായി’, എന്ന ക്യാപ്ഷനോടെ ആണ് ഈ വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നത്.

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ശബരീഷ് വര്‍മ. നേരം എന്ന ചിത്രത്തില്‍ ‘പിസ്സ സുമാക്കിറായ’ എന്ന ഗാനത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ശബരീഷ്, ജന ശ്രദ്ധനേടുന്നത് ‘പ്രേമ’ത്തിലൂടെയാണ്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ നടനെ തേടി എത്തി. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ താരം മികച്ച ഒരു വേഷം തന്നെയാണ് ചെയ്തിരിക്കുന്നത്. അസീസ്, റോണി, മമ്മൂട്ടി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം.

അതേസമയം, ബസൂക്ക, കാതല്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. ജ്യോതിക നായികയായി എത്തുന്ന കാതല്‍ ഉടന്‍ റിലീസിന് എത്തുമെന്നാണ് വിവരം. നിലവില്‍ ഭ്രമയുഗം എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചത്. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുക.