നെഗറ്റീവ് റിവ്യൂസിനെ കാറ്റിൽ പറത്തി  ‘ചാവേർ’ ….! തിയേറ്ററിൽ തിരക്കുറുന്നു
1 min read

നെഗറ്റീവ് റിവ്യൂസിനെ കാറ്റിൽ പറത്തി ‘ചാവേർ’ ….! തിയേറ്ററിൽ തിരക്കുറുന്നു

ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇമോഷണൽ ത്രില്ലറുമായാണ് ഇത്തവണ ടിനു പാപ്പച്ചൻ പ്രേക്ഷകരിലേക്ക് ചാവേർ സിനിമ എത്തിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ്റെ ഇതേവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പും അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവരുടെ പ്രകടനങ്ങൾ കൊണ്ടും ചിത്രം കൈയ്യടി നേടുകയാണ്. ഒരു രാഷ്ട്രീയ കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അതിജീവനത്തിൻ്റെ നിരവധി രംഗങ്ങളുമാണ് ചിത്രത്തിൻ്റെ കഥാതന്തു. പ്രേക്ഷകർക്കിടയിലെ ചർച്ചാ വിഷയം ചാവേറാണ്. സിനിമയുടെ റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ നേരിട്ട കരുതിക്കൂട്ടിയുള്ള നെഗറ്റീവ് നിരൂപണങ്ങള്‍ക്ക് ഉചിതമായ മറുപടിയുമായി എത്തിയിരിക്കുകയാണ് പുതിയ പോസ്റ്റർ. ‘കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല’ എന്ന ക്യാപ്ഷനാണ് പോസ്റ്ററിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ചിത്രം രണ്ടാം വാരത്തിൽ എത്തിയ കാര്യവും ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്.

നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ ഒരുക്കിയ ചിത്രം, രാഷ്ട്രീയ കൊലപാതകങ്ങളേയും ജാതി വിവേചനങ്ങളേയും ദുരഭിമാനക്കൊലയേയുമൊക്കെ പ്രമേയമാക്കിയതാണ്. മനുഷ്യത്വത്തേയും യഥാർത്ഥ സൗഹൃദങ്ങളേയും തെയ്യത്തേയും മതത്തിനും ജാതിക്കുമൊക്കെ അതീതമായ പ്രണയ ബന്ധങ്ങളേയുമൊക്കെ കുറിച്ച് ചിത്രം സംസാരിക്കുന്നുണ്ട്. ഗൗരവമുള്ളൊരു പ്രമേയത്തെ മലയാളം ഇന്നേവരെ കാണാത്തൊരു ഓഡിയോ വിഷ്വൽ അനുഭവമാക്കിയിരിക്കുകയാണ് ടിനു പാപ്പച്ചൻ എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. ഇതിനിടയിലാണ് സിനിമയ്‍ക്കെതിരെ കരുതിക്കൂട്ടിയുള്ള വ്യാജ പ്രചരണങ്ങൾ ചിലരിൽ നിന്ന് ആദ്യ ദിനങ്ങളിൽ നടന്നത്. എന്നാൽ കുടുംബപ്രേക്ഷകരും യുവജനങ്ങളും ചിത്രത്തെ ഏറ്റെടുത്തതോടെ സിനിമയ്ക്ക് തിയറ്ററുകളിൽ തിരക്കേറിയിരിക്കുകയാണ്. വ്യാജ പ്രചരണങ്ങൾ കേട്ട് വിശ്വസിക്കാതെ തിയറ്ററുകളിൽ എത്തി സിനിമ കണ്ടറിഞ്ഞ പ്രേക്ഷകരുടെ പിന്തുണയോടെ ‘ചാവേർ’ ഇപ്പോൾ മുന്നേറുകയാണ്.

കുഞ്ചാക്കോ ബോബനും ആന്‍റണി വർഗ്ഗീസും അർജുൻ അശോകനും മനോജ് കെയുവും സംഗീതയും സജിൻ ഗോപുവും അനുരൂപും ദീപക് പറമ്പോലുമൊക്കെ ഇതുവരെ കാണാത്ത രീതിയിലുള്ള വേഷങ്ങളിലാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഇവരുടെയെല്ലാം പ്രകടനങ്ങൾ ഇതിനകം ഏറെ ചർച്ചയായി കഴിഞ്ഞിട്ടുമുണ്ട്.

സിനിമയുടേതായി ഇറങ്ങിയ ഏറെ വ്യത്യസ്തമായ പാട്ടുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കഴിഞ്ഞിട്ടുണ്ട്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്‍റേയും കാവ്യ ഫിലിം കമ്പനിയുടേയും ബാനറിൽ എത്തിയിരിക്കുന്ന ചിത്രം ടിനു പാപ്പച്ചൻ ഒരുക്കിയ മുൻ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തവുമാണ്. മലയാളം ഇതുവരെ ചർച്ചചെയ്യാൻ മടിച്ചിരുന്ന പ്രമേയങ്ങളെ ചങ്കുറപ്പോടെ സ്ക്രീനിലെത്തിച്ച് വേറിട്ട സിനിമാനുഭവമായി തിയറ്ററുകളിൽ ആളിപ്പടരുകയാണ് ‘ചാവേർ’. ചിത്രത്തിനെതിരെ വ്യാപകമായ ഡീ​​ഗ്രേഡിങ് നടക്കുന്ന അവസരത്തിൽ ചിത്രത്തെയും പ്രമേയത്തേയും അവതരണശൈലിയേയും അഭിനന്ദിച്ചുകൊണ്ട് ഷിബു ബേബി ജോൺ രം​ഗത്തെത്തിയിരുന്നു. നിരവധി താരങ്ങളും അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരുന്നു.