തിയറ്ററുകളില്‍ ചിരിപ്പൂരം… : പത്ത് ദിവസം കൊണ്ട് ‘രോമാഞ്ചം’ നേടിയത്
1 min read

തിയറ്ററുകളില്‍ ചിരിപ്പൂരം… : പത്ത് ദിവസം കൊണ്ട് ‘രോമാഞ്ചം’ നേടിയത്

വാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം റിലീസ് ചെയ്ത 10 ദിവസം കഴിഞ്ഞപ്പോള്‍ ചിത്രത്തിന് ലഭിച്ച കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിന്റെ ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിനങ്ങളിലെ കളക്ഷന്‍ മാത്രം നാലര കോടിക്ക് മുകളില്‍ വരുമെന്ന് വിവിധ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നു. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്ന ഗ്രോസ് കളക്ഷന്‍ 14.5 കോടി മുതല്‍ 20 കോടി വരെയാണെന്നാണ് കണക്കുകള്‍. ഫെബ്രുവരി 3 ന് കേരളത്തില്‍ 146 സ്‌ക്രീനുകളിലായി പ്രദര്‍ശനം ആരംഭിച്ച ചിത്രം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ തിയറ്ററുകള്‍ നിറയ്ക്കുകയായിരുന്നു. അതേസമയം വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

പല മള്‍ട്ടിപ്ലെക്സുകളിലും ചെറിയ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഡിമാന്റ് വര്‍ധിച്ചതോടെ വലിയ സ്‌ക്രീനുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ടൊരു ചിത്രം ഏറെക്കാലത്തിന് ശേഷമാണ് മലയാളത്തില്‍ നിന്ന് എത്തുന്നത്. 2007ല്‍ ബെംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്‌കര്‍ തുടങ്ങി അഭിനയിച്ചവരുടെ മികവുറ്റ പ്രകടങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്. സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. സംഗീതം സുഷിന്‍ ശ്യാം.