വിജയ് ചിത്രം ‘ലിയോ’ ഷൂട്ടിംഗ് ദൃശ്യം ചോര്‍ന്നു ; കടുത്ത നടപടികള്‍ക്ക് നീങ്ങി അണിയറപ്രവര്‍ത്തകര്‍
1 min read

വിജയ് ചിത്രം ‘ലിയോ’ ഷൂട്ടിംഗ് ദൃശ്യം ചോര്‍ന്നു ; കടുത്ത നടപടികള്‍ക്ക് നീങ്ങി അണിയറപ്രവര്‍ത്തകര്‍

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. ബോക്സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ എത്തുന്നത്. ചിത്രത്തിലെ പ്രധാന താരനിരകളെ അണിയറക്കാര്‍ പ്രഖ്യാപിച്ചത് ഈ അടുത്തായിരുന്നു. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളും ആരംഭിച്ച വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കശ്മിരില്‍ ചിത്രീകരണം നടക്കുന്ന ‘ലിയോ’യിലെ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഫോട്ടോ നേരത്തെ ലോകേഷ് പുറത്തുവിട്ടത് വൈറലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്നും സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ലീക്കായിരിക്കുകയാണ്. ലിയോ സെറ്റില്‍ വിജയ് വെളുത്ത ഷര്‍ട്ടും, കറുത്ത പാന്റും ധരിച്ച് നില്‍ക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ പോസ്റ്റുകള്‍ എല്ലാം അപ്രത്യക്ഷമായിരിക്കുകയാണ്. ഇതിനെ സംബന്ധിച്ച് പ്രൊഡക്ഷന്‍ ഹൗസായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയെ പ്രതിനിധീകരിച്ച്, ഒരു ടെക്നോളജി സെക്യൂരിറ്റി കമ്പനി സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവരുടെ പോസ്റ്റില്‍ വിജയ് നായകനാകുന്ന ലിയോയുടെ ഷൂട്ടിംഗ് സ്‌പോട്ടില്‍ നിന്ന് എടുക്കുന്ന ലീക്കായ ചിത്രങ്ങളും വീഡിയോകളും പങ്കിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പറയുന്നു. ഒപ്പം ഇതിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അറിയിക്കുന്നു.

തൃഷയാണ് വിജയ് ചിത്രത്തില്‍ നായിക. വിജയ്‌യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകും. മലയാളി നടന്‍ മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്റെ ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജ, സംവിധായകരായ ഗൗതം മേനോന്‍, മിഷ്‌കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.

ഒഫിഷ്യല്‍ ലോഞ്ചിനു മുന്‍പേ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. ജനുവരി 2 ന് ആയിരുന്നു ആരംഭം. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന പുതിയ ഷെഡ്യൂള്‍ കശ്മീരില്‍ ആണ്. ലോകേഷ്, നായിക തൃഷ എന്നിവരടക്കമുള്ള ക്രൂവിനൊപ്പം വിമാനത്തില്‍ കശ്മീരിലേക്ക് പറക്കുന്ന വിജയ്യുടെ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മനോജ് പരമഹംസയാണ്. ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, രാംകുമാര്‍ ബാലസുബ്രഹ്മണ്യമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.