‘ആടുജീവിതം’ ഒക്ടോബറിൽ തിയേറ്ററിലെത്താൻ ഒരുങ്ങുന്നു
1 min read

‘ആടുജീവിതം’ ഒക്ടോബറിൽ തിയേറ്ററിലെത്താൻ ഒരുങ്ങുന്നു

മലയാള സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി  സംവിധാനം ചെയ്യുന്ന ആടുജീവിതം. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പുതിയ അപ്ഡേഷനുകൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. അണിയറ പ്രവര്‍ത്തകരില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ചിത്രം ഒക്റ്റോബര്‍ 20ന്  റിലീസിന് എത്തിക്കുന്നതിനായാണ് ശ്രമിക്കുന്നത് . ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ഇത്.

ബെന്യാമന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ് ആടുജീവിതം അതുപോലെ തന്നെ ഒട്ടുമിക്ക മലയാളികളും വായിച്ച നോവൽ കൂടിയാണ് സിനിമയാക്കുന്നത്.
ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ് 14 വര്‍ഷത്തിനു ശേഷമാണ് ഷൂട്ടിംഗ് പൂര്‍ത്തികരിച്ചത് . അള്‍ജീരിയയിലും ജോര്‍ദാനിലുമായിരുന്നു ചിത്രത്തിന്റെ വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. ചിത്രത്തിന് ഇന്ത്യയില്‍ വളരെ കുറഞ്ഞ ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ഉണ്ടായിരുന്നത്. പോസ്റ്റ് പ്രൊഡക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് മാജിക് ഫ്രെയിംസാണ് . എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം സംവിധായകൻ . ആടുജീവിതത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനായ ജോര്‍ദാനിൽ റഹ്മാന്‍ സന്ദര്‍ശനം നടത്തിയത് ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു.

കെ.യു മോഹനന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് . ബ്ലെസി എന്ന മികച്ച സംവിധായകന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് ആട് ജീവിതം സിനിമയാക്കുക എന്നത്. അതുകൊണ്ടുതന്നെ ഈ സിനിമയിൽ മികച്ച സംവിധാനം മികവും കാണാൻ കഴിയും എന്ന് പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്‍റെ വിവിധ ഷെഡ്യൂളുകള്‍ക്കായി നടൻ പൃഥ്വിരാജ് നടത്തിയ പല മേക്കോവറുകളും ഏറെ ശ്രദ്ധ നേടിയിരുന്നു . സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് തന്റെ ശരീരഭാരം കുറച്ചത് വലിയ വാർത്തയായിരുന്നു. തന്റെയും ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നായി ആടുജീവിതം മാറും എന്ന് പൃഥ്വിരാജ് നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ സിനിമ തിയേറ്ററിൽ എത്തുന്നതിനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. ചിത്രം ഇനി തിയേറ്ററിൽ എത്തുമ്പോൾ ദേശീയതലത്തിൽ വരെ ശ്രദ്ധ നേടും എന്ന പ്രതീക്ഷയിലാണ് ആരാധകർ.