പ്രണയദിനത്തിൽ ‘ഹൃദയം’ റി-റിലീസിന്, ഫെബ്രുവരി 10 മുതൽ ചിത്രം തിയേറ്ററിൽ
1 min read

പ്രണയദിനത്തിൽ ‘ഹൃദയം’ റി-റിലീസിന്, ഫെബ്രുവരി 10 മുതൽ ചിത്രം തിയേറ്ററിൽ

മലയാളികൾ ഏറെ സന്തോഷത്തോടെ ഏറ്റെടുത്ത സിനിമയായിരുന്നു ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ ഹൃദയം ഇപ്പോൾ റി- റിലീസിന് ഒരുങ്ങുകയാണ് . വാലന്റൈൻ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 10 മുതലാകും ഹൃദയം തീയറ്ററിൽ വീണ്ടും  എത്തുന്നതെന്ന് നിർമ്മാതാവ്  വിശാഖ് സുബ്രഹ്മണ്യം അറിയിച്ചു. കൊച്ചി, ചെന്നൈ, ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ഹൃദയം ആദ്യമായി റീ-റിലീസ് ചെയ്യുന്നത് . വാലന്റൈൻസ് ഡേ പ്രമാണിച്ച് ഹൃദയം മാത്രമല്ല മറ്റു ചില ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

ഹോളിവുഡ് ചിത്രമായ ടൈറ്റാനിക്കും ബോളിവുഡിലെ ഷാരൂഖിന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയും തമാഷയും, തമിഴിൽ‌ നിന്നും സൂര്യയുടെ വിണ്ണൈത്താണ്ടി വരുവായ, മിന്നലെ എന്നീ ചിത്രങ്ങളും റി- റിലീസിന് ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗികമായ വിവരം. നിവിൻ പോളിയുടെ ഹിറ്റ്‌ ചിത്രമായ പ്രേമവും റിലീസ് ചെയ്യുന്നുണ്ടെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്തിട്ടുണ്ട് എന്നാൽ ഇതിന് ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല . 2022ലെ ഏറ്റവും ഹിറ്റ് ചിത്രമായി മാറിയ ചിത്രമായിരുന്നു പ്രണവ് നായകനായി എത്തിയ ഹൃദയം. 2022 ജനുവരി 21ന് ആയിരുന്നു സിനിമയുടെയും റിലീസ്. ചിത്രത്തിന്റെ സംവിധായകനായ വിനീതിനു ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ സാധിച്ചു.

കൊവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് തിയേറ്ററിലെത്തിയ ചിത്രം ഏകദേശം 5 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടി എടുത്തത് .  തിയേറ്ററിൽ 100 ദിവസം പൂർത്തിയാക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും  നായികമാരായി എത്തി. സംസ്ഥാന സർക്കാരിന്റെ രണ്ട് അവാർഡുകൾ ആയിരുന്നു ഈ ചിത്രം നേടിയെടുത്തത് ഒരു സംഗീത നിശ തന്നെയായിരുന്നു ചിത്രം. പ്രണവ് മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ഹൃദയം എന്ന ചിത്രം. പ്രണവ് മോഹൻലാൽ നായകനാകുന്ന അടുത്ത ചിത്രം ഏതാണെന്നു അറിയാനായി ഇപ്പോൾ ആരാധകർ കാത്തിരിക്കുകയാണ്. 2023ല്‍ പ്രണവ് സിനിമയിലേക്ക് തിരിച്ചു വരുമെന്ന് നേരത്തെ വിനീത് ശ്രീനിവാസനും ഹൃദയത്തിന്‍റെ നിര്‍മാതാവായ വിശാഖ് സുബ്രഹ്മണ്യവും അറിയിച്ചിരുന്നു.