”സിനിമ കഷ്ടപ്പെട്ട പണിയാണ്, ഞാനതിന് തയ്യാറുമാണ്”; വ്യത്യസ്തതയുടെ ബ്രാൻഡ് അമ്പാസിഡർ മൂന്ന് വർഷമായി ചെയ്ത സിനിമകൾ…
1 min read

”സിനിമ കഷ്ടപ്പെട്ട പണിയാണ്, ഞാനതിന് തയ്യാറുമാണ്”; വ്യത്യസ്തതയുടെ ബ്രാൻഡ് അമ്പാസിഡർ മൂന്ന് വർഷമായി ചെയ്ത സിനിമകൾ…

മീപകാലത്തിറങ്ങിയ മമ്മൂട്ടി സിനിമകൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം ചെയ്യുന്ന ഒരു കഥാപാത്രത്തിൽ നിന്ന് അടുത്തതിലേക്ക് സഞ്ചരിക്കാൻ കഴിയാത്തത്ര ദൂരമുണ്ട്. അതു മാത്രമാല്ല, മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വ്യത്യസ്തമായ പ്രമേയങ്ങളും കഥാപാത്രങ്ങളും മമ്മൂട്ടി എന്ന നടൻ പ്രേക്ഷകന് മുന്നിലേക്കിട്ട് തരുന്നു. നൽപകൻ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ ദി കോർ, ഭ്രമയു​ഗം എന്നിവയെല്ലാം താരത്തിന്റെ ക്ലാസ് സിനിമകളാണ്.

“സിനിമ കഷ്ടപ്പെട്ട പണിയാണ്. കഷ്ടപ്പെടാൻ തയ്യാറെടുത്താ ഞാൻ വന്നത്. ഇനിയും കഷ്ടപ്പെടാൻ തയ്യാറാണ്” കഴിഞ്ഞ ദിവസം മമ്മൂട്ടി പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകൾ അന്വർത്ഥമാക്കുന്ന പ്രവൃത്തിയുമാണ് അദ്ദേഹത്തിന്റേത്. എന്നും വ്യത്യസ്ത കഥാപാത്രങ്ങൾക്ക് പിന്നാലെ അലയുന്ന മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ എത്തിയത് ഭ്രമയു​ഗം എന്ന ചിത്രമാണ്. കൊടുമൻ പോറ്റി എന്ന നെ​ഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് അമ്പരപ്പിച്ച മമ്മൂട്ടി ഇതാ പുതിയ ഖ്യാതിയും സ്വന്തമാക്കിയിരിക്കകയാണ്.

തുടരെയുള്ള മൂന്ന് വർഷം 50 കോടി ക്ലബ്ബിൽ ഇടം നേടിയ നടൻ എന്ന ഖ്യാതിക്കാണ് മമ്മൂട്ടി അർഹനായിരിക്കുന്നത്. ഇതാദ്യമാണ് ഒരു മലയാള നടൻ തുടർച്ചയായ വർഷങ്ങളിൽ 50കോടി ക്ലബ്ബിൽ എത്തുന്നതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. 2022ൽ അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവ്വം, 2023ൽ കണ്ണൂർ സ്ക്വാഡ്, 2024ൽ ഭ്രമയു​ഗം( രണ്ട് ദിവസത്തിൽ 50 കോടിയിലെത്തും) എന്നീ ചിത്രങ്ങളിലൂടെയാണ് മമ്മൂട്ടി പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. അതേസമയം, ടർബോ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് അവസാനിച്ചത്.

104 ദിവസം ആയിരുന്നു ഷൂട്ടിം​ഗ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. കഴിഞ്ഞ ദിവസമിറങ്ങിയ ടർബോയുടെ സെക്കൻഡ് ലുക്ക് ആരാധകർ ഏറ്റെടുത്തിരുന്നു. ബസൂക്കയാണ് ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്ന മമ്മൂട്ടി ചിത്രം. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ആണ് ഇപ്പോൾ നടക്കുന്നത്.