2024ലെ ആദ്യത്തെ 50 കോടി…! ഞെട്ടിച്ച് മമിത ബൈജു; വമ്പൻ സിനിമകൾക്കൊപ്പം കട്ടയ്ക്ക് നിന്ന് പ്രേമലു
1 min read

2024ലെ ആദ്യത്തെ 50 കോടി…! ഞെട്ടിച്ച് മമിത ബൈജു; വമ്പൻ സിനിമകൾക്കൊപ്പം കട്ടയ്ക്ക് നിന്ന് പ്രേമലു

ലയാള സിനിമയിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റടിച്ചിരിക്കുകയാണ് പ്രേമലു എന്ന റൊമാന്റിക് ഡ്രാമ. അപൂർവ്വങ്ങളിൽ അപൂർവ്വമായാണ് ഒരു സാധാരണ സിനിമയ്ക്ക് ഇത്തരത്തിലൊരു നേട്ടം സംഭവിക്കുക. മുൻവിധികളെ എല്ലാം മാറ്റി മറിച്ചുള്ള പ്രകടനമായിരുന്നു ഈ സിനിമ കാഴ്ചവെച്ചത്. വൻ ഹൈപ്പോ ബഹളങ്ങളോ ഒന്നുമില്ലാതെ എത്തി ഹിറ്റ് അടിച്ച ചിത്രത്തിലെ ഹൈലൈറ്റ് മമിത ബൈജു എന്ന യുവനടി തന്നെയാണ്. നസ്ലിൻ ആയിരുന്നു നടൻ.

മലയാളത്തിന്റെ പുത്തൻ താരോദയങ്ങൾ എന്ന് ഏവരും നസ്ലിനെയും മമിതയെയും കുറിച്ച് വിധിയെഴുതിയ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. ബുക്ക് മൈ ഷോയുടെ റിപ്പോർട്ട് പ്രകാരം റിലീസ് ചെയ്ത് ഒരു മില്യണിലധികം ടിക്കറ്റുകളാണ് പ്രേമലുവിന്റേതായി വിറ്റിരിക്കുന്നത്. ഇക്കാര്യം നിർമാതാക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴി പങ്കുവച്ചിട്ടുണ്ട്. ഒപ്പം പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

റിപ്പീറ്റ് വാച്ച് കരസ്ഥമാക്കിയ ചിത്രം കൂടിയാണ് പ്രേമലു. അതുകൊണ്ട് തന്നെ ഇനിയും ടിക്കറ്റ് വിൽപ്പന വർദ്ധിക്കാൻ സാധ്യത ഏറെയാണ്. അതേസമയം, ആദ്യദിനം മുതൽ മികച്ച് പ്രതികരണം നേടിയ ചിത്രം ഇതിനോടകം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു എന്നതും സന്തോഷവാർത്തയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ഇത്. ഇനി അറുപത് കോടിയിലേക്കുള്ള കുതിപ്പിലാണ് ചിത്രമുള്ളത്. കഴിഞ്ഞ ദിവസം മാത്രം 1.47 കോടിയാണ് പ്രേമലു സ്വന്തമാക്കിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.

അന്വേഷിപ്പിൻ കണ്ടെത്തും, ഭ്രമയു​ഗം തുടങ്ങിയ ബി​ഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പമാണ് പ്രേമലു മത്സരിച്ചത്. മാത്രമല്ല, ചിദംബരത്തിന്റെ സൂപ്പർ ഹിറ്റാകാൻ പോകുന്ന മഞ്ഞുമ്മൽ ബോയ്സ് ഇറങ്ങിയിട്ടും പ്രേമലു കുലുങ്ങിയില്ല. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മഞ്ഞുമ്മൽ ബോയ്സിന്റെ തിയേറ്റർ റിലീസ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൽ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രമാണിത്.

ഫെബ്രുവരി ഒൻപതിനാണ് പ്രേമലു റിലീസ് ചെയ്തത്. ​ഗിരീഷ് എഡിയാണ് ചിത്രത്തിന്റെ സംവിധാനം. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങൽക്ക് ശേഷം ​ഗിരീഷ് എഡി ഒരുക്കിയ സിനിമയാണിത്. നസ്ലിനും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ശ്യാം മോഹൻ, സം​ഗീത് പ്രതാപ്, അൽത്താഫ് സലിം. മീനാക്ഷി തുടങ്ങി നിരവധി യുവതാരങ്ങൾ അണിനിരന്നിട്ടുണ്ട്. ​ഗിരീഷും കിരൺ ജോസിയും ചേർന്നാണ് പ്രേമലുവിന്റെ തിരക്കഥ ഒരുക്കിയത്.