”മമ്മൂക്ക എന്നോട് പറഞ്ഞു, നീയെന്റെ പ്രായം മറന്ന് പോകുന്നു എന്ന്, എനിക്ക് അദ്ദേഹത്തിനോട് സോറിയാണ് പറയാനുള്ളത്”; വൈശാഖ്
1 min read

”മമ്മൂക്ക എന്നോട് പറഞ്ഞു, നീയെന്റെ പ്രായം മറന്ന് പോകുന്നു എന്ന്, എനിക്ക് അദ്ദേഹത്തിനോട് സോറിയാണ് പറയാനുള്ളത്”; വൈശാഖ്

മ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ഭ്രമയു​ഗം തിയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിക്കൊണ്ട് മുന്നേറുകയാണ്. ഇതിനിടെ അദ്ദേഹത്തിന്റെ ഇറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഫസ്റ്റ് ലുക്കിൽ നിന്നും വ്യത്യസ്തമായ മേക്ക്ഓവറിലാണ് പുതിയ പോസ്റ്ററിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. മാത്രമല്ല, ഇവർ നിർമ്മിക്കുന്ന ആദ്യത്തെ ആക്ഷൻ ചിത്രം എന്ന പ്രത്യേകതയും ടർബോയ്ക്ക് സ്വന്തം. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. ടർബോ ജോസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്.

ഇതിനിടെ സംവിധായകൻ വൈശാഖ് മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഷൂട്ടിങ്ങിനിടെ പല കഠിന രം​ഗങ്ങളും ചിത്രീകരിക്കുന്നതിനിടെ മമ്മൂട്ടി ഒരിക്കൽ, തന്റെ പ്രായം മാനിക്കണമെന്ന് വൈശാഖിനോട് പറയുകയുണ്ടായി. “എനിക്ക് മമ്മൂക്കയോട് വലിയ സോറിയാണ് പറയാനുള്ളത്. കാരണം അത്രമേൽ കഷ്ടപ്പെടുത്തിയിട്ടുണ്ട്. എൻറെ ഒരു സിനിമയിലും ഞാൻ ആരെയും ഇതുവരെ ഇത്രയും കഷ്ടപ്പെടുത്തിയിട്ടില്ല.

ഒരിക്കൽ മമ്മൂക്ക എന്നോട് പറഞ്ഞു, നീ എന്റെ പ്രായം മറന്നു പോകുന്നെന്ന്, അന്ന് ഞാൻ മമ്മൂക്കയോട് പറഞ്ഞു, എനിക്ക് മമ്മൂക്കയ്ക്ക് പ്രായം 45 നും 50നും ഇടയിലാണെന്ന്. കാരണം കഥാപാത്രത്തിൻറെ പ്രായത്തിലൂടെ മാത്രമേ ഞാൻ മമ്മൂക്കയെ ഈ സിനിമയിലൂടെ കണ്ടിട്ടുള്ളൂ. ഒരുപാട് ദിവസങ്ങൾ, രാവുകൾ, പകലുകൾ… അങ്ങനെ നിരന്തരം ഷൂട്ട് ചെയ്തിട്ടുണ്ട്. ഈ സിനിമയിലുള്ള എൻറെ വിശ്വാസവും മമ്മൂക്കയുടെ എഫർട്ടിലാണ്. മമ്മൂക്കയെ സ്നേഹിക്കുന്ന എല്ലാവരും ആ സ്നേഹം തിരിച്ചു നൽകും.”- വൈശാഖ് വ്യക്തമാക്കി. ടർബോയുടെ പ്രസ് മീറ്റിനിടെയാണ് വൈശാഖ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.