മലയാള സിനിമയിക്ക് അഭിമാനിക്കാം; ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാന്‍’ താഷ്‌ക്കന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്
1 min read

മലയാള സിനിമയിക്ക് അഭിമാനിക്കാം; ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാന്‍’ താഷ്‌ക്കന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

മലയാളത്തിന്റെ യുവതാരമായ ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയാന്‍. അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായി എത്തിയത്. എന്നാല്‍ ഉണ്ണി മുകുന്ദന്റെ ആദ്യ നിര്‍മാണ സംരംഭമായിട്ടാണ് ‘മേപ്പടിയാന്‍’ എന്ന ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞത്. അതുപോലെ, സിനിമ ഒരു കൊമേഷ്യല്‍ വിജയമായിരുന്നു. ഒടിടിയിലും മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ, സിനിമയ്ക്ക് ഒരു അഭിമാന നേട്ടം കൂടി ഉണ്ടായിരിക്കുകയാണ്. താഷ്‌ക്കന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷന്‍ ആയിരിക്കുകയാണ്. ഈ വിവരം ഉണ്ണിമുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

2022-ല്‍, ബംഗളുരു രാജ്യാന്തര ചലച്ചിത്ര മേളയില്‍ തിളക്കമാര്‍ന്ന അംഗീകാരം നേടിയതിനു പിന്നാലെയാണ് വീണ്ടും ഇത്തരത്തിലുള്ളൊരു അവസരം മേപ്പടിയനു ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമാ മത്സര വിഭാഗത്തില്‍ ‘മേപ്പടിയാന്‍’ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുകയായിരുന്നു.100ഓളം ചിത്രങ്ങളെ മറികടന്നാണ് ‘മേപ്പടിയാന്‍’ ബംഗളൂരു മേളയില്‍ ഈ അംഗീകാരത്തിന് അര്‍ഹമായത്. ഈ അംഗീകാരം മലയാളികളെ സംബന്ധിച്ചെടുത്തോളവും ഉണ്ണിമുകുന്ദന്‍ ആരാധകരെ സംബന്ധിച്ചെടുത്തോളവും ഏറെ അഭിമാനകരമാണ്. കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഉണ്ണി മുകുന്ദനും സംവിധായകന്‍ വിഷ്ണു മോഹനും ചേര്‍ന്നാണ് അന്ന് പുരസ്‌കാരം സ്വീകരിച്ചത്.

ഒരു ഫാമിലി ഡ്രാമയാണെന്ന കൃത്യമായ അടയാളപ്പെടുത്തലോടെയാണ് മേപ്പടിയന്‍ എന്ന ചിത്രത്തിന്റെ തുടക്കം. അതുപോലെ, കുടുംബ ചിത്രം എന്ന നിലയില്‍ ആദ്യമേ ചിത്രം പേരെടുത്തുവെങ്കിലും, ഒരു ത്രില്ലര്‍ ചിത്രം എന്ന നിലയില്‍ അവസാനിക്കുന്ന സിനിമയാണ് ‘മേപ്പടിയാന്‍. ഒരു സാധരണക്കാരന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങള്‍ ആണ് മേപ്പടിയാന്‍ പറയുന്നത്.

ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത മികച്ച കാസ്റ്റിങ്ങാണ് തന്നെയാണ്. പല ചിചത്രങ്ങളിലും പേരിനുമുഖം കാണിച്ചു പോകുന്ന കഥാപാത്രങ്ങളുണ്ട്. എന്നാല്‍ മേപ്പടിയനില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടേതായ പ്രാധ്യാന്യം നല്‍കിയിട്ടുണ്ട്. ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഉണ്ണിമുകുന്ദനെ കൂടാതെ, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, പൗളി വത്സന്‍, മനോഹരിയമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.