സ്‌റ്റൈല്‍ മന്നനും കംപ്ലീറ്റ് ആക്ടറും കണ്ടുമുട്ടിയപ്പോള്‍….! ചിത്രങ്ങള്‍ വൈറല്‍
1 min read

സ്‌റ്റൈല്‍ മന്നനും കംപ്ലീറ്റ് ആക്ടറും കണ്ടുമുട്ടിയപ്പോള്‍….! ചിത്രങ്ങള്‍ വൈറല്‍

പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈകോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ആരംഭിച്ചതിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന്റെ നടനവൈഭവം മോഹന്‍ലാലും പ്രഗത്ഭനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുമ്പോള്‍ തിയേറ്ററില്‍ ദൃശ്യ വിസ്മയം സൃഷ്ടിക്കുമെന്നുറപ്പാണ്. ഇതിനിടയില്‍ മോഹന്‍ലാലും രജനീകാന്തും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രജനീകാന്തിനെ ടൈറ്റില്‍ കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥിവേഷത്തിലാണ് മോഹന്‍ലാല്‍ എത്തുക.

കഴിഞ്ഞ ദിവസം രജനീകാന്ത് മോഹന്‍ലാലിനെ കാണാനായി രാജസ്ഥാനില്‍ എത്തിയപ്പോഴെടുത്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. മലൈക്കോട്ടൈ വാലിബന്റെ മുഴുവന്‍ ചിത്രീകരണവും രാജസ്ഥാനില്‍ നടക്കുമ്പോള്‍ ജയ്‌ലറിന്റെ നിലവിലെ ഷെഡ്യൂളും ഇവിടെയാണ് നടക്കുന്നത്. രജനീകാന്തും മോഹന്‍ലാലും ഒരേ ഹോട്ടലിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇതിനിടയിലുണ്ടായ കൂടിക്കാഴ്ചയില്‍ നിന്നുള്ള ചിത്രമാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിരവധി ആളുകള്‍ രജനീകാന്തും ലിജോ ജോസ് ചിത്രത്തിലുണ്ടാവുമോ എന്ന സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്.

അതേസമയം മലൈക്കോട്ടൈ വാലിബനില്‍ സാങ്കേതിക പ്രവര്‍ത്തകരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ അല്ലാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെയൊന്നും വിവരങ്ങള്‍ അണിയറക്കാര്‍ ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് ശേഷം പി എസ്സ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. രാജസ്ഥാനില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്.