മമ്മൂട്ടി, മോഹൻലാൽ സിനിമകളല്ല; റിലീസിന് മുൻപ് യുകെയിൽ 11 ഹൗസ്‍ഫുൾ ഷോ ബുക്കിംഗുമായി ഞെട്ടിച്ച് ഒരു മലയാളചിത്രം
1 min read

മമ്മൂട്ടി, മോഹൻലാൽ സിനിമകളല്ല; റിലീസിന് മുൻപ് യുകെയിൽ 11 ഹൗസ്‍ഫുൾ ഷോ ബുക്കിംഗുമായി ഞെട്ടിച്ച് ഒരു മലയാളചിത്രം

വിദേശ മാർക്കറ്റിൽ മലയാള സിനിമകൾക്ക് ഈയിടയായി വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ​ഗൾഫ് രാജ്യങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്ന മലയാള സിനിമ യൂറോപ്യൻ രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ കാലങ്ങളായി. യുഎസ്, യുകെ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിങ്ങനെ ഓരോ പുതിയ ചിത്രം വരുമ്പോഴും അതിൻറെ എണ്ണവും വ്യാപ്തിയും കൂടുന്നുമുണ്ട്. പൊതുവെ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങൾക്കാണ് കൂടുതൽ സാധ്യതകൾ ഉള്ളത്.

എന്നാൽ ഇപ്പോഴിതാ റിലീസിന് മുൻപുതന്നെ യുകെയിൽ ഒരു മലയാള ചിത്രം നേടിയിരിക്കുന്ന ഹൗസ്‍ഫുൾ ഷോകളുടെ എണ്ണം ചർച്ചയാവുകയാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം രചനയും സംവിധാനവും നിർവ്വഹിച്ച മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി 22ന് വ്യാഴാഴ്ച തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം അഡ്വാൻസ് ബുക്കിംഗിലൂടെ യുകെയിൽ 11 ൽ ഏറെ ഹൗസ്‍ഫുൾ ഷോകളാണ് സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടമാണിത്. ചിത്രത്തിൻറെ യുകെയിലെ വിതരണക്കാരായ ആർഎഫ്ടി ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ജാനെമൻ എന്ന ചിത്രത്തിലൂടെ സംവിധാന രം​ഗത്തേക്ക് കടന്ന് വന്ന ചിദംബരത്തിൻറെ രണ്ടാമത്തെ ചിത്രമാണിത്. കൊടൈക്കനാലിലെ ‘ഗുണാ കേവ്സും’ അതിനോടനുബന്ധിച്ച് നടന്ന യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ‌ഒരു സർവൈവൽ ത്രില്ലറാണിത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃദ് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.