മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യം …!!! 200 കോടി ക്ലബിൽ ഇടം നേടി മഞ്ഞുമ്മൽ ബോയ്സ്
1 min read

മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യം …!!! 200 കോടി ക്ലബിൽ ഇടം നേടി മഞ്ഞുമ്മൽ ബോയ്സ്

മലയാളത്തില്‍ നിന്ന് ഒരു സിനിമ ആദ്യമായി ആ ചരിത്ര നേട്ടത്തില്‍ എത്തിയിരിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്‍സാണ് ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംനേടി ചരിത്രം സൃഷ്‍ടിച്ചിരിക്കുന്നത്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം ഇനിയും ബോക്സ് ഓഫീസില്‍ വൻ കുതിപ്പ് തുടരുമെന്നാണ് കരുതുന്നതും. സംവിധായകൻ ചിദംബരം ജാനേമൻ സിനിമയ്‍ക്ക് ശേഷം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് എന്നാണ് രാജ്യമൊട്ടാകെയുള്ള അഭിപ്രായങ്ങള്‍. ശ്വാസമടക്കി കാണേണ്ട ഒരു വേറിട്ട സിനിമാ കാഴ്‍ചയായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രേക്ഷകരുടെ മുന്നിലേക്ക് ചിദംബരം എത്തിച്ചിരിക്കുന്നത്. സൗഹൃദത്തിനും പ്രാധാന്യം നല്‍കിയപ്പോള്‍ തീവ്രമായ സിനിമാ അനുഭവമായി മാറിയിരിക്കുന്നു. യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കി വിശ്വസനീയമായി ചിത്രം അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് മഞ്ഞുമ്മല്‍ ബോയ്‍സിന്റെ ഒരു ആകര്‍ഷണം.

തമിഴ്നാട്ടിൽ നിന്നും 50 കോടി രൂപ മഞ്ഞുമ്മൽ നേടി കഴിഞ്ഞു. ആദ്യമായി ഒരു മലയാള സിനിമ തമിഴ്‌നാട്ടിൽ നിന്ന് 50 കോടി നേടുന്നു എന്ന ഖ്യാതിയും ചിത്രത്തിനുണ്ട്. കേരളത്തിൽ വൻ തരം​ഗം സൃഷ്ടിച്ച മഞ്ഞുമ്മൽ ബോയ്സിന് ഇതുവരെ മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്തത്ര സ്വീകാര്യതയാണ് തമിഴ്നാട്ടിൽ നിന്നും ലഭിച്ചത്. അഭൂതപൂര്‍വ്വമായ സ്വീകാര്യത എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. തങ്ങളുടെ സ്വന്തം സിനിമ എന്ന നിലയിലാണ് തമിഴകം ചിത്രത്തെ ഏറ്റെടുത്തത് എന്നതാണ് വാസ്തവം.

2006ൽ കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ യഥാർത്ഥ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.