മറ്റൊരു ചിത്രവുമായി സാമ്യത..! ആടുജീവിതം കോപ്പിയാണോ?: മറുപടി നൽകി പൃഥ്വിരാജ്
1 min read

മറ്റൊരു ചിത്രവുമായി സാമ്യത..! ആടുജീവിതം കോപ്പിയാണോ?: മറുപടി നൽകി പൃഥ്വിരാജ്

പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുകെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച ചിത്രവുമായിരിക്കും ഇത്. യഥാർത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. എന്നാൽ ആടുജീവിതം മറ്റ് ചിത്രങ്ങളുടെ കോപ്പി ആണെന്നാണ് ഇപ്പോൾ ചിലയിടത്ത് നിന്നും ഉയർന്നു വരുന്ന ആരോപണം. ഡെന്നിസ് വില്ലെനെവ് സംവിധാനം ചെയ്ത ‘ഡ്യൂൺ പാർട്ട് 1&2’, ധനുഷ് ചിത്രം ‘മരിയാൻ’ തുടങ്ങീ ചിത്രങ്ങളുമായി ആടുജീവിതത്തിന് സാമ്യമുണ്ടെന്നാണ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നതോടു കൂടി ഉയർന്നുവരുന്ന ചോദ്യങ്ങൾ.

ഇപ്പോഴിതാ അത്തരം വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പൃഥ്വിരാജ്. മരിയാൻ റിലീസ് ചെയ്യുന്നത് 2013-ലാണെന്നും എന്നാൽ അതിന് മുൻപ് തന്നെ ആടുജീവിതത്തിന്റെ തിരക്കഥാ രചനകൾ തുടങ്ങിയിരുന്നുവെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. എന്നാൽ ഡ്യൂൺ സിനിമയുമായി ആടുജീവിതത്തിന് ഒറ്റ സാമ്യത മാത്രമാണുള്ളതെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. തമിഴിൽ നിന്നുമാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ പ്രധാനമായും ഉയർന്നു വരുന്നത്.

“ഡ്യൂണുമായും മരിയനുമായും ആടുജീവിതത്തിന് യാതൊരു സാമ്യതയുമില്ല. മരിയൻ ഇറങ്ങുന്നത് 2013ലാണ്. അതിനും അഞ്ച് വർഷം മുന്നേ ആടുജീവിതത്തിൻ്റെ സ്ക്രിപ്റ്റ് വർക്ക് ആരംഭിച്ചിരുന്നു. അപ്പോൾ പിന്നെ ഈ ആരോപണത്തിന് പ്രസക്തിയില്ല. അതുപോലെ ഡ്യൂൺ സിനിമയുടെ കോപ്പിയാണെന്ന് പറയുന്നവരുണ്ട്. രണ്ട് സിനിമക്കും ഒരേ വിഷ്വൽ പാലറ്റായതു കൊണ്ടാവാം അങ്ങനെ പറയുന്നത്. ആടുജീവിതവും ഡ്യൂണും തമ്മിൽ ഒരൊറ്റ സാമ്യത മാത്രമേയുള്ളൂ, രണ്ടും ഷൂട്ട് ചെയ്‌തിരിക്കുന്നത്‌ വാദി റം മരുഭൂമിയിലാണ്.

2020-ൽ ഞങ്ങൾ വാദി റം മരുഭൂമിയിൽ ഷൂട്ടിങ് സമയത്താണ് ഡ്യൂണിന്റെ വി.എഫ്.എക്‌സ് സൂപ്പർവൈസറും ഛായാഗ്രഹകനും ആ മരുഭൂമിയിൽ ലൊക്കേഷൻ തെരഞ്ഞെടുക്കാൻ വരുന്നത്. അവരെക്കാൾ മുന്നേ ഞങ്ങൾ അവിടെ ഷൂട്ട് തുടങ്ങിയിരുന്നു. ഇത്തരം വാദങ്ങളോട് തർക്കിച്ച് നിൽക്കുന്നതിന് പകരം ഒന്നേ പറയാനുള്ളൂ, നിങ്ങൾ സിനിമ കാണൂ. എന്നിട്ട് തീരുമാനിക്കൂ.” എന്നാണ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.