ഒന്നാമത് ടൊവിനോ ചിത്രം, രണ്ടാമത് പുലിമുരു​കൻ; മമ്മൂട്ടിക്ക് സ്ഥാനമില്ലാതെ ആദ്യ പത്ത്
1 min read

ഒന്നാമത് ടൊവിനോ ചിത്രം, രണ്ടാമത് പുലിമുരു​കൻ; മമ്മൂട്ടിക്ക് സ്ഥാനമില്ലാതെ ആദ്യ പത്ത്

ലയാള സിനിമകളുടെ കയ്യെത്താ ദൂരത്തായിരുന്നു ഒരു കാലത്ത് കോടി ക്ലബ്ബുകൾ. എന്നാലിപ്പോൾ സീൻ ആകെ മാറിയിരിക്കുകയാണ്. 2024 പിറന്നതോടെ മലയാള സിനിമയുടെ നല്ല കാലം ആരംഭിച്ചിരിക്കുന്നു. മലയാള സിനിമ ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകരെയും ഇതര ഇന്റസ്ട്രികളെയും അമ്പരപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് മോളിവുഡിന് ഏറെ വിദൂരമായിരുന്ന കോടി ക്ലബ്ബുകൾ മലയാള സിനിമയ്ക്ക് ഇന്ന് പുഷ്പം പോലെയാണ്.

ബോക്സ് ഓഫീസിൽ മാത്രമല്ല കണ്ടന്റിലും മേക്കിങ്ങിലും മോളിവുഡ് പിന്നിലോട്ടില്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. മലയാള സിനിമ സുവർണ കാലഘട്ടം ആഘോഷിക്കുന്നതിനിടെ കേരളത്തിൽ മികച്ച ​ഗ്രോസ് കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളും ലിസ്റ്റിൽ ഉണ്ട്. കേരളം നേരിട്ട മഹാപ്രളയകഥ പറഞ്ഞ 2018 ആണ് ഒന്നാം സ്ഥാനത്ത്. 89.2 കോടിയാണ് കേരളത്തിൽ നിന്നുമാത്രം ചിത്രം നേടിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ജുഡ് ആന്റണി ആണ് സംവിധാനം.

രണ്ടാമത് മോഹൻലാൽ പ്രധാനവേഷത്തിലെത്തി 2016ൽ റിലീസ് ചെയ്ത പുലിമുരുകൻ ആണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം 85കോടിയാണ് നേടിയത്. പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിൽ ഇറങ്ങിയ ആടുജീവിതം ആണ് മൂന്നാം സ്ഥാനത്ത്. 77.75 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കേരള കളക്ഷൻ. നിലവിൽ പ്രദർശനം തുടരുന്ന ചിത്രത്തിന്റെ കളക്ഷനിൽ മാറ്റങ്ങൾ ഉണ്ടാകാമെന്ന് ട്രാക്കന്മാർ പറയുന്നു.

നാലാം സ്ഥാനത്ത് ഇതരഭാഷാ ചിത്രമായ ബാഹുബലി 2 ആണ്. പ്രഭാസ് നായകനായി എത്തിയ ചിത്രം 74.5കോടിയാണ് കേരളത്തിൽ നിന്നും നേടിയത്. അഞ്ചാം സ്ഥാനത്ത് മഞ്ഞുമ്മൽ ബോയ്സ് ആണ്. 72.10കോടിയാണ് ഇതുവരെ സിനിമ നേടിയത്. നിലവിൽ തിയറ്ററിൽ പ്രദർശനം തുടരുന്നുണ്ട്. മെയ് 5ന് ചിത്രം ഒടിടിയിൽ എത്തും. കെജിഫ് ചാപ്റ്റർ 2- 68.5 കോടി, മോഹൻലാൽ ചിത്രം ലൂസിഫർ-66.5 കോടി, ഫഹദ് ഫാസിൽ ചിത്രം ആവേശം -63.45 കോടി, പ്രേമലു- 62.75 കോടി, വിജയ് ചിത്രം ലിയോ- 60 കോടി എന്നിങ്ങനെയാണ് യഥാക്രമം ആറ് മുതൽ പത്ത് വരെയുള്ള സിനിമകൾ.

ഇതിൽ ആവേശം നിലവിൽ പ്രദർശനം തുടരുന്ന സിനിമയാണ്. ചിത്രം കേരളത്തിൽ മാത്രം 80 കോടി കളക്ട് ചെയ്യുമെന്നാണ് പറയപ്പെടുന്നത്. അതേസമയം, കേരളത്തിലെ ആദ്യദിന ഓപ്പണിങ്ങിൽ ഒന്നാമത് ലിയോ ആണ്. സമീപകാലത്ത് മികച്ച സിനിമകൾ ഇറങ്ങിയെങ്കിലും കേരള കളക്ഷനിൽ പത്തിൽ ഒരിടത്തും മമ്മൂട്ടി ചിത്രം ഇല്ല എന്നത് ശ്രദ്ധേയമാണ്.