വിദേശത്ത് 2 മില്യണ്‍ ക്ലബ്ബില്‍ മമ്മൂട്ടിയുടെ നാല് ചിത്രങ്ങള്‍…! അതും ഒരു വര്‍ഷത്തിനുള്ളില്‍
തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളുടെ ബിസിനസുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും കാലം മാറുന്നതനുസരിച്ച് മലയാള സിനിമയുടെ വിപണിയും വളരുന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മലയാള സിനിമകളുടെ വിദേശ റിലീസ് യുഎഇയിലും ജിസിസിയിലുമായി ദീര്‍ഘകാലം ചുരുങ്ങിയിരുന്നു. എന്നാല്‍ ഇന്ന് ആ കാലം മാറിയിരിക്കുകയാണ്. മലയാളികള്‍ ഉള്ള മിക്ക രാജ്യങ്ങളിലേക്കും ഇന്ന് മലയാള ചിത്രങ്ങള്‍ എത്തുന്നുണ്ട്. യുകെ, യുഎസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങി ആ പട്ടിക നീളുന്നു. സ്ക്രീന്‍ കൌണ്ട് കുറവായിരിക്കുമെങ്കിലും പോളണ്ടിലും ഹംഗറിയിലും വരെ ഇന്ന് മലയാള സിനിമകള്‍ റിലീസിന് എത്തുന്നുണ്ട്, എല്ലാ ചിത്രങ്ങള്‍ക്കും ഈ ഭാഗ്യം ലഭിക്കാറില്ലെങ്കിലും. സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷന്‍ പരസ്യപ്രചരണത്തിനായി നിര്‍മ്മാതാക്കള്‍ തന്നെ ഉപയോഗിക്കുന്ന ഇക്കാലത്ത് അതിനെച്ചൊല്ലിയുള്ള ഫാന്‍ ഫൈറ്റുകളും സോഷ്യല്‍ മീഡിയയില്‍ സാധാരണമാണ്. പ്രധാനമായും മമ്മൂട്ടി മോഹന്‍ലാല്‍ ഫാന്‍സിന്റെ ഫൈറ്റാണ് കൂടുതല്‍.
മലയാള സിനിമയുടെ വിദേശ മാര്‍ക്കറ്റുകളിലെ ബെഞ്ച്മാര്‍ക്ക് ആയി പരിഗണിക്കപ്പെടുന്ന ഒരു കണക്ക് 2 മില്യണ്‍ ഡോളറിന്റേതാണ്. അതായത് 16.6 കോടി രൂപ. മമ്മൂട്ടി ചിത്രങ്ങളുടെ വിദേശ കളക്ഷന്‍ പോരെന്നും അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും ഇതുവരെ ആ നേട്ടം സ്വന്തമാക്കിയിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിച്ചിരുന്നു. എന്നാല്‍ അത് ഒരു വര്‍ഷം മുന്‍പ് വരെയുള്ള കാര്യം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നാല് മമ്മൂട്ടി ചിത്രങ്ങളാണ് തുടര്‍ച്ചയായി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം, കെ മധുവിന്റെ സംവിധാനത്തിലെത്തിയ സിബിഐ 5, നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ മമ്മൂട്ടിയുടെ ഇപ്പോള്‍ തിയറ്ററുകളിലുള്ള റോബി വര്‍ഗീസ് രാജ് ചിത്രം കണ്ണൂര്‍ സ്ക്വാഡും ഈ നേട്ടത്തിലേക്കാണ്. ഇതില്‍ ഭീഷ്മ പര്‍വ്വവും കണ്ണൂര്‍ സ്ക്വാഡും ആദ്യ വാരാന്ത്യത്തില്‍ തന്നെയാണ് വിദേശ കളക്ഷനില്‍ 2 മില്യണ്‍ കടന്നത്. മറ്റ് രണ്ട് ചിത്രങ്ങള്‍ പിന്നീടും. ഇതില്‍ മോശം മൌത്ത് പബ്ലിസിറ്റി ലഭിച്ച സിബിഐ 5 പോലും വിദേശത്ത് 2 മില്യണ്‍ നേടി എന്നത് ശ്രദ്ധേയമാണ്.
ഭീഷ്മപര്‍വ്വം 47.10 കോടി രൂപയാണ് കേരളത്തില്‍ നിന്ന് നേടിയത്. 2022 മാര്‍ച്ച് മൂന്നിനാണ് ‘ഭീഷ്മപര്‍വ്വം’ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രം പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ നേടിയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ കഥാപാത്രത്തിന്റെ ‘ചാമ്പിക്കോ…’ എന്ന ഡയലോ?ഗ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. റിലീസ് ദിവസം മുതല്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംനേടി.
അതേസമയം കണ്ണൂര്‍ സ്ക്വാഡ് മികച്ച അഭിപ്രായവുമാണ് തിയറ്ററില്‍ ആളെ കൂട്ടുകയാണ്. ആദ്യദിനം മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്ന മൗത്ത് പബ്ലിസിറ്റിയിലൂടെ ബോക്സ് ഓഫീസിലും വിജയ കിരീടം ചൂടുകയാണ് മമ്മൂട്ടി നായകനായി എത്തിയ ഈ ചിത്രം. ആദ്യ വാരാന്ത്യത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 32 കോടി നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. കേരളത്തില്‍ അഞ്ച് ദിവസം നീണ്ട എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ചിത്രത്തിന് ലഭിച്ചത്. തിങ്കളാഴ്ച്ച മാത്രം 4.15 കോടിയാണ് ചിത്രം നേടിയത്. അതായത് ‘മണ്‍ഡേ ടെസ്റ്റും’ മമ്മൂട്ടി ചിത്രം പാസായി എന്ന് അര്‍ത്ഥം.