‘ലോക്കല്‍ ഗുണ്ടകള്‍ വന്ന് തോക്ക് എടുത്തു, മമ്മൂട്ടിയെ കാണണമെന്ന് പറഞ്ഞു’ ; റോബില്‍ രാജ്
1 min read

‘ലോക്കല്‍ ഗുണ്ടകള്‍ വന്ന് തോക്ക് എടുത്തു, മമ്മൂട്ടിയെ കാണണമെന്ന് പറഞ്ഞു’ ; റോബില്‍ രാജ്

ആദ്യാവസാനം കാണികളെ ആകാംക്ഷ കൊണ്ട് വലിച്ചുമുറുക്കി മുന്നോട്ടുപോവുന്ന ഒരു ത്രില്ലര്‍ സിനിമ. മലയാളത്തിന് ഒരു മികച്ച പൊലീസ് സ്റ്റോറി സമ്മാനിച്ചുകൊണ്ടാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ വരവ്. ഒരേസമയം ‘കണ്ണൂര്‍ സ്‌ക്വാഡ്’ മികച്ചൊരു ക്രൈം ത്രില്ലറും മികച്ചൊരു റോഡ് മൂവിയുമാണ്. കുറ്റവാളികളെ വേട്ടയാടാനുള്ള ഓട്ടം. നാടും നഗരവും പിന്നിട്ട് ഓടിക്കിതച്ച് മുന്നോട്ടുപോവുന്ന യാത്ര. കയ്യടക്കമുള്ള അഭിനയവുമായി മമ്മൂട്ടി ‘എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിനി’ലൂടെ വീണ്ടുമൊരു മികച്ച പൊലീസ് വേഷവുമായി തിയറ്ററുകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു സംവിധായകനെ കൂടിയാണ് ലഭിച്ചത്. പേര് റോബി വര്‍ഗീസ് രാജ്. കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തുടക്കക്കാരന്‍ എന്ന നിലയില്‍ കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും വിജയവുമാണ് റോബി സ്വന്തമാക്കുന്നത്. ഈ അവസരത്തില്‍ കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണ വേളയില്‍ ഉണ്ടായൊരു അനുഭവം പങ്കുവയ്ക്കുക ആണ് റോബി.

ചില സ്ഥലങ്ങളില്‍ പെട്ട് പോയ അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് റോബി പറയുന്നു. ഒരുദിവസം ലോക്കല്‍ ഗുണ്ടകള്‍ സെറ്റില്‍ കയറി വന്നെന്നും അവരുടെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നു എന്നും റോബി പറഞ്ഞു. ദി ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സംവിധായകന്റെ പ്രതികരണം.

റോബി വര്‍ഗീസ് രാജിന്റെ വാക്കുകളിങ്ങനെ

ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ പെട്ട് പോയിട്ടുണ്ട്. ഒരു ചെറിയ ലോക്കല്‍ സ്ട്രീറ്റില്‍ പെട്ടു പോയിട്ടുണ്ട്. ലോക്കല്‍ ഗുണ്ടകള്‍ വന്നിട്ടുണ്ട്. നമ്മുടെ ചീഫ് അസോസിയേറ്റ് ജിബിന്‍ ആറര അടി ഉള്ളൊരു മനുഷ്യനാണ്. അവന്റെ ശബ്ദം ഭീകരമാണ്. ആ ശബ്ദം വച്ചാണ് ഞാന്‍ പിടിച്ച് നില്‍ക്കുന്നത്. ഒരു ദിവസം ഷൂട്ട് ചെയ്ത് നില്‍ക്കുമ്പോള്‍ കുറെ ഗുണ്ടകള്‍ വന്നു. കള്ള് കുടിച്ചിട്ടൊക്കെയാണ് വരവ്. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഇവര്‍ ബാക്കില്‍ എന്തോ വച്ചു. ജിബിന്‍ വിചാരിച്ചത് കമ്പോ വല്ലതും ആയിരിക്കുമെന്നാണ്. പക്ഷേ പിന്നെ ആണ് മനസിലാകുന്നത് അത് തോക്കായിരുന്നെന്ന്. എന്തൊക്കെയോ പറഞ്ഞ് അവര്‍ പോയി. വീണ്ടും വന്നു ചെറിയ പ്രശ്‌നങ്ങളൊക്കെ ആയി. ഷൂട്ടിംഗ് ചെയ്യാന്‍ പറ്റിയില്ല. അവിടെ ഒരു ഗോഡൗണില്‍ കുറേനേരം ചെന്നിരുന്നു. അങ്ങനെയൊക്കെ സമയം കുറേ പോയി. അവര് ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയ സമയത്ത് മമ്മൂട്ടി സാറിന് വേണ്ടമെങ്കില്‍ പോകാമായിരുന്നു. പക്ഷേ അദ്ദേഹം സപ്പോര്‍ട്ട് ചെയ്തു കൂടെ നിന്നു. അവരുടെ ആവശ്യം മമ്മൂട്ടിയുടെ ഫോട്ടോ എടുക്കണം എന്നതാണ്. ഇവര്‍ തലേദിവസമോ മറ്റോ റോഷാക്ക് കണ്ടു. ഹമാരാ സ്റ്റാര്‍ ഹേ എന്നൊക്കെ പറഞ്ഞാണ് സംസാരം. ഷൂട്ട് എങ്ങനെ എങ്കിലും നടക്കണ്ടേ. മമ്മൂട്ടി സാര്‍ പുറത്തിറങ്ങി അവരുടെ കൂടെ സെല്‍ഫി എടുത്തു. പിന്നീട് ഷൂട്ടിംഗ് വളരെ സ്മൂത്തായി മുന്നോട്ട് പോയി.