തോരാമഴയത്തും  വിജയക്കുട ചൂടി ‘കണ്ണൂർ സ്ക്വാഡ്’ ; കുതിപ്പ് 50 കോടിയിലേക്ക്
1 min read

തോരാമഴയത്തും വിജയക്കുട ചൂടി ‘കണ്ണൂർ സ്ക്വാഡ്’ ; കുതിപ്പ് 50 കോടിയിലേക്ക്

ഒരു സൂപ്പര്‍താര ചിത്രം വലിയ പ്രീ റിലീസ് ഹൈപ്പ് കൂടാതെ എത്തുന്നത് അപൂര്‍വ്വമാണ്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡിന്‍റെ കാര്യം അങ്ങനെ ആയിരുന്നു. തിയറ്റര്‍ കൌണ്ട് മുതല്‍ എല്ലാ കാര്യങ്ങളും അങ്ങനെ ആയിരുന്നു. പ്രൊമോഷണല്‍ അഭിമുഖങ്ങളില്‍ മമ്മൂട്ടി അടക്കം എത്തിയെങ്കിലും സൂക്ഷിച്ച് മാത്രമാണ് അവര്‍ വാക്കുകള്‍ ഉപയോഗിച്ചത്. എന്നാല്‍ റിലീസ് ദിനമായ വ്യാഴാഴ്ചത്തെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ചിത്രം വന്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയതോടെ ട്രെന്‍ഡ് സെറ്റര്‍ ആവുകയായിരുന്നു ചിത്രം. സീറോ ഹൈപ്പും സീറോ പ്രൊമോഷനുമായി എത്തി പ്രേക്ഷക മനസിൽ ഇടംനേടിയിരിക്കുക ആണ് ‘കണ്ണൂർ സ്ക്വാഡ്’. ബോക്സ് ഓഫീസിലും വിജയ കിരീടം ചൂടുകയാണ് മമ്മൂട്ടി ചിത്രം.

സെപ്റ്റംബർ 28നാണ് റോബി വർ​ഗീസ് രാജ് എന്ന പുതുമുഖ സംവിധായകൻ അണിയിച്ചൊരുക്കിയ കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ എത്തിയത്. ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോ​ഗസ്ഥനായ മമ്മൂട്ടി കസറിയപ്പോൾ, പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു ഇതാണ് ‘മലയാള സിനിമയുടെ പടത്തലവൻ’. ആ തലവന്റെ ഭരണം ബോക്സ് ഓഫീസിലും തുടർന്നു. ആദ്യദിനം കേരളത്തിൽ നിന്നുമാത്രം 2.40 കോടി ആയിരുന്നു കണ്ണൂർ സ്ക്വാഡ് സ്വന്തമാക്കിയത്. പിന്നീട് ഇങ്ങോട്ട് കേരളം കണ്ടത് ബോക്സ് ഓഫീസ് വേട്ട.

റിലീസ് ചെയ്ത് അഞ്ചാം ദിനത്തിൽ എത്തി നിൽക്കുമ്പോൾ, ആഗോള തലത്തിൽ 50 കോടിയിലേക്ക് കുതിക്കുകയാണ് കണ്ണൂർ സ്ക്വാഡ്. ഇന്നലെ മാത്രം 4.15 കോടിയാണ് ചിത്രം നേടിയത്. അതായത് ‘മൺഡേ ടെസ്റ്റും’ മമ്മൂട്ടി ചിത്രം പാസായി എന്ന് അർത്ഥം.  ആദ്യദിനം 2.40കോടി, രണ്ടാം ദിനം 2.75 കോടി, മൂന്നാം ദിനം 3.45, നാലാം ദിനം 4.65 കോടി, അഞ്ചാം ദിനം 4.15 കോടി എന്നിങ്ങനെ ആണ് ഇതുവരെയുള്ള കണ്ണൂർ സ്ക്വാഡിന്റെ കളക്ഷൻ. ഇതോടെ കേരളത്തിൽ നിന്നുമാത്രം 17.40 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. അതേസമയം, ആഗോളതലത്തിൽ നാല്പത് കോടി ചിത്രം പിന്നിട്ടു എന്നും വിവരമുണ്ട്. അങ്ങനെയെങ്കിൽ ഈ വാരാന്ത്യം കടക്കുമ്പോഴേക്കും മമ്മൂട്ടി ചിത്രം 50 കോടി പിന്നിടുമെന്നാണ് വിലയിരുത്തലുകൾ. കനത്ത മഴയിലും വൻ ബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അതേസമയം, സംവിധായകന്‍ റോബിക്ക് അഭിനന്ദന പ്രവഹമാണ്. മലയാള സിനിമയ്ക്ക് മികച്ചൊരു സംവിധായകന്‍ കൂടി എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. മമ്മൂട്ടിക്കും പ്രശംസ ഏറെയാണ്. പുതിയ സംവിധായകർ ഹരിശ്രീ കുറിക്കുന്നത് മമ്മൂട്ടിയെ വെച്ചാണ്. ഏതു പരീക്ഷണങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള കഴിവും മനസ്സും അദ്ദേഹത്തിന് സ്വന്തം ആണെന്നുമാണ് ഇവര്‍ പറയുന്നത്.