വരുന്ന ജൂലൈ 10 മുതൽ മമ്മൂട്ടി ബി ഉണ്ണികൃഷ്ണനൊപ്പം! കിടിലൻ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഒരുങ്ങുന്നു

പോലീസ് വേഷത്തിൽ വന്ന് നിരവധി ഹിറ്റുകൾ സമ്മാനിച്ച മെഗാസ്റ്റാർ മമ്മൂട്ടി ഒരിക്കൽക്കൂടി പോലീസ് യൂണിഫോം അണിയാൻ പോവുകയാണ്. 2010ൽ റിലീസായ പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 10ന് ആരംഭിക്കും.   നീണ്ട ഒരു ഇടവേളയ്ക്കു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ച് സിനിമ ചെയ്യുന്നത് . ഭീഷ്മപർവ്വം, പുഴു,  സിബിഐ 5 തുടങ്ങി അടുപ്പിച്ച് നല്ല സിനിമകളുടെ ഭാഗമാവുകയാണ് മമ്മൂട്ടി.

ഇനി വരാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷ നൽകുന്നതുമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ റിലീസായ മോഹൻലാൽ ചിത്രം ‘ആറാട്ടി’ന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് 10ന് ആരംഭിക്കുന്നത്. മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് റോഷാക് എന്ന സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണെന്നാണ് വിവരം. ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന മമ്മൂട്ടി ചിത്രം ഒരു മാസ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആറാട്ടിന്റെ തന്നെ തിരക്കഥാകൃത്തായ ഉദയകൃഷ്ണ തന്നെയാണ് മമ്മൂട്ടി ചിത്രത്തിനും രചന നിർവഹിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം ഗൗരവമേറിയ വിഷയമായിരിക്കും സംസാരിക്കുക എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രത്തിൽ മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്ലാകും എത്തുക. 30 കോടിയോളമാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. സംവിധായകൻ ബി.ഉണ്ണികൃഷ്ണനും മമ്മൂട്ടി കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഇന്ദ്രജിത്ത്, ബിജു മേനോന്‍, റോഷന്‍ മാത്യു, സിദ്ധിഖ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒടുവിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ട് മികച്ച അഭിപ്രായം നേടാനാവാതെ പോയതാണ്.

ആ പരാജയം മമ്മൂട്ടിയിലും ആവർത്തിക്കുമോ എന്നുള്ള ആശങ്ക സ്വാഭാവികമായും ആരാധകർക്കിടയിൽ ഉണ്ട്. സിനിമ പ്രഖ്യാപിച്ച നാൾ മുതൽ തന്നെ അത്തരത്തിലുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചാവിഷയം ആവുകയാണ്. എന്നാൽ പൊലീസ് വേഷത്തിൽ മമ്മൂട്ടി എത്തുമ്പോൾ പ്രേക്ഷകർക്ക് നല്ല പ്രതീക്ഷ ഇല്ലാതിരിക്കാനും ആവില്ല. പോലീസ് സ്റ്റേഷനിൽ തന്നെ  രൂപത്തിലും ഭാവത്തിലും വ്യക്തിത്വത്തിലും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത മമ്മൂട്ടിക്ക് ഈ സിനിമ മറ്റൊരു പൊൻതൂവൽ കൂടി ആയിരിക്കും. ചിത്രവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നില്ലെങ്കിലും അടുത്തിടെയായി മമ്മൂട്ടിയുടെ സ്ക്രിപ്റ്റ് സെലക്ഷൻ മികച്ചത് ആണ് എന്നുള്ള ആരാധകരുടെ വാദം ശരിയാണെങ്കിൽ ബി ഉണ്ണികൃഷ്ണൻ ചിത്രം മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ തില്ലർ ആകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Related Posts