കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് എപ്പോള്‍ …? മമ്മൂട്ടി ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ്
1 min read

കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് എപ്പോള്‍ …? മമ്മൂട്ടി ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ്

മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്‍മാരുടെ പട്ടിക എടുത്താല്‍ അതില്‍ ഏറ്റവും മുകളില്‍ തന്നെ കാണും മമ്മൂട്ടിയുടെ പേര്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ താരമൂല്യവും. 100 കോടി ക്ലബ്ബില്‍ കടന്ന രണ്ടേ രണ്ട് മലയാളി സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍. മലയാളത്തിലെ ഇരുത്തം വന്ന സംവിധായകര്‍ പലരും ആദ്യകാലങ്ങളില്‍ മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ പലരും ഇപ്പോള്‍ മമ്മൂട്ടിയ്ക്കൊപ്പം കാര്യമായി സിനിമകള്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മമ്മൂട്ടി കാലത്തിനൊപ്പം മാറിയതാണോ അതോ മമ്മൂട്ടിയെ തങ്ങള്‍ക്ക് പറ്റില്ലെന്ന തോന്നലാണോ ഇതിന് പിന്നില്‍ എന്ന് പറയാന്‍ ആവില്ല. പുതിയ സംവിധായകര്‍ക്ക് അവസരങ്ങള്‍ വാരിക്കോരി നല്‍കുന്ന ആള്‍ കൂടിയാണ് മമ്മൂട്ടി.

സമീപകാലത്ത് പുതുമുഖ സംവിധായക ചിത്രങ്ങളില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടു. അവയില്‍ മിക്കതും വലിയ പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങളുമാണ്. അത്തരത്തില്‍ മമ്മൂട്ടിയുടേതായി ഒരുങ്ങുന്ന മറ്റൊരു നവാ?ഗത സംവിധായകന്റെ സിനിമയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. മമ്മൂട്ടി നായകനായെത്തുന്ന കുറ്റാന്വേഷണ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ഗ്രേറ്റ് ഫാദര്‍, പുതിയ നിയമം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ ഛായാഗ്രഹനായിരുന്ന റോബി രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എസ്.നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ വിവരങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സിനിമ എന്ന് റിലീസ് ചെയ്യുമെന്ന തരത്തില്‍ നേരത്തെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ അതിന് വിരാമം ഇട്ടിരിക്കുകയാണ് മമ്മൂട്ടി. ചിത്രം ഈ മാസം തന്നെ തിയറ്ററില്‍ എത്തുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ് പുതിയ പോസ്റ്ററിലൂടെ. ചിത്രം ഉടന്‍ തിറ്ററില്‍ എത്തുമെന്നാണ് മമ്മൂട്ടി പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടെ വാലിബന്റെ റിലീസ് അപ്‌ഡേറ്റിന് പിന്നാലെ എത്തിയ മമ്മൂട്ടി ചിത്രത്തിന്റെ അപ്‌ഡേറ്റും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കേരളത്തില്‍ മാത്രം 300ല്‍ അധികം തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിന് എത്തുമെന്നും വിവരമുണ്ട്. ‘കണ്ണൂര്‍ സ്‌ക്വാഡ്’ സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിരുന്നില്ല. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ചിത്രം വിതരണത്തിന് എത്തിക്കും.

മുഹമ്മദ് ഷാഫിയാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. നടന്‍ റോണി ഡേവിഡ് രാജ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമിത് ചക്കാലയ്ക്കല്‍, ഷറഫുദ്ദീന്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് മമ്മൂട്ടിക്കൊപ്പം എത്തുന്ന പ്രധാന അഭിനേതാക്കള്‍. കാതല്‍, ബസൂക്ക എന്നിവയാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍. ഭ്രമയുഗം എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.