എമ്പുരാന്‍ പണിപ്പുരയിലേക്ക്….? സൂചന നല്‍കി പൃഥ്വിരാജ് സുകുമാരന്‍ 
1 min read

എമ്പുരാന്‍ പണിപ്പുരയിലേക്ക്….? സൂചന നല്‍കി പൃഥ്വിരാജ് സുകുമാരന്‍ 

സിനിമാ പ്രേമികള്‍ ഒരു പോലെ കാത്തിരിക്കുന്ന മാസ് സിനിമയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍. 200 കോടി ക്ലബില്‍ ഇടംപിടിച്ച ലൂസിഫര്‍ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. വാണിജ്യ സിനിമകളുടെ എല്ലാ ചേരുവകളും അടങ്ങിയ സിനിമ നടന്‍ പൃഥിരാജിന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പും അവിസ്മരണീയമാക്കി.

മോഹന്‍ലാലിന്റെ കരിയറിലെ മികച്ച മാസ് മസാല സിനിമകളിലൊന്നുമായി എമ്പുരാന്‍ മാറി. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ വില്ലന്‍ വേഷം, മഞ്ജു വാര്യരുടെയും ടൊവിനോയുടെയും സാന്നിധ്യം എന്നിവയും സിനിമയുടെ മാറ്റ് കൂട്ടി. 2019 ല്‍ റിലീസായ സിനിമയ്ക്ക് പിന്നാലെ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

എന്നാല്‍ വിവിധ കാരണങ്ങളാല്‍ എമ്പുരാന്‍ എന്ന രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോകുക ആയിരുന്നു. സെപ്റ്റംബറില്‍ ഷൂട്ടിംഗ് തുടങ്ങുമെന്ന് അനൗദ്യോഗിക വിവരങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെ പൃഥ്വിരാജ് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. വാട്‌സ്ആപ്പ് ചാനലില്‍ വരവറിയിച്ച് കൊണ്ടാണ് പൃഥ്വിരാജ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്. ‘കാല്‍മുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസമായി. സുഖം പ്രാപിച്ചു കഴിഞ്ഞു. ജോലിയില്‍ തിരിച്ചെത്തുകയാണ്. അപ്ഡേറ്റുകള്‍ക്കും എക്‌സ്‌ക്ലൂസീവുകള്‍ക്കുമായി നിങ്ങള്‍ക്ക് തുടരാന്‍ വാട്‌സ്ആപ്പ് ചാനല്‍ മികച്ച ഇടമായിരിക്കും എന്ന് കരുതുന്നു’, എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ഇതില്‍ എക്‌സ്‌ക്ലൂസീവുകള്‍ എന്ന് എഴുതിയതില്‍ ‘L’ എന്നക്ഷരം ക്യാപ്റ്റലില്‍ ആണ് എഴുതിയിരിക്കുന്നത്. എമ്പുരാനുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകളിലും ഇങ്ങനെ ആണ് ‘L’ എഴുതാറുള്ളതും. അതുകൊണ്ട് തന്നെ എമ്പുരാന്‍ പണിപ്പുരയിലേക്ക് ആകും പൃഥ്വി ഇനി പോകുക എന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം എമ്പുരാന്റെ പ്രമോ ഷൂട്ട് ഈ മാസമുണ്ടാവുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അടുത്ത വാരം സിനിമയുടെ പ്രോമോ ഷൂട്ട് നടക്കും എന്ന നിലയിലാണ് വാര്‍ത്തകളുണ്ടായത്. ഡല്‍ഹി, കാശ്മീര്‍ എന്നിവിടങ്ങളിലെ നയന മനോഹരമായ സ്ഥലങ്ങളില്‍ ‘L2 എമ്പുരാന്‍’ ഷൂട്ടിംഗ് നടക്കും എന്നായിരുന്നു ഉള്ളടക്കം. ദേശീയ മാധ്യമങ്ങളില്‍ കൂടിയാണ് ഇത്തരമൊരു വാര്‍ത്ത പുറത്തെത്തിയത്. എന്നാല്‍ ആ വാര്‍ത്തകള്‍ തെറ്റാണെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഈ സെപ്റ്റംബറില്‍ എപ്പോഴെങ്കിലും ഷൂട്ടിംങ് തിയതിയും പ്രൊജക്ടിന്റെ മറ്റ് ചില വിശദാംശങ്ങള്‍ പ്രഖ്യാപിക്കാന്‍ മാത്രമേ പദ്ധതിയിടുന്നുള്ളൂവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്ന കുറിപ്പില്‍ പറയുകയുണ്ടായി. ‘ഈ വാര്‍ത്ത എവിടെ നിന്നാണെന്ന് അറിയില്ല. എന്നാല്‍ അതില്‍ പറഞ്ഞിരിക്കുന്നത് പോലെ എമ്പുരാന് ഒരു പ്രമോ ഷൂട്ട് ഉണ്ടാവില്ല. മാസം എപ്പോഴെങ്കിലും ഷൂട്ടിംങ് തിയതിയും പ്രൊജക്ടിന്റെ മറ്റ് ചില വിശദാംശങ്ങളും പ്രഖ്യാപിക്കാന്‍ മാത്രമേ പദ്ധതിയിടുന്നുള്ളൂ നന്ദി’ എന്നായിരുന്നു കുറിപ്പില്‍ പറഞ്ഞത്. ഏറ്റവും പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് പൃഥ്വിരാജ് നിലവില്‍ വിശ്രമത്തിലാണ്.