മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ ചിത്രം ; പ്രഖ്യാപനം ഉടന്‍
1 min read

മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ ചിത്രം ; പ്രഖ്യാപനം ഉടന്‍

പേരന്‍പ് ചിത്രത്തിന്‌ശേഷം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി വീണ്ടും മറ്റൊരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. മമ്മൂട്ടിയ്ക്കൊപ്പം തമിഴകത്തിന്റെ മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് വിവരം. കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ മണികണ്ഠന്‍ ആണ് സിനിമ സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.

സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നതില്‍ ഏറെ ഇഷ്ടമുള്ള വിജയ് സേതുപതി ഇതാദ്യമായാണ് മലയാളത്തിലെ സൂപ്പര്‍ സ്റ്റാറിനൊപ്പം അഭിനയിക്കുന്നത്. രജനികാന്തിനൊപ്പം പേട്ടയിലും കമലഹാസനൊപ്പം വിക്രമിലും നിര്‍ണായക കഥാപാത്രമായി ഇതിനോടകം വിജയ് സേതുപതി എത്തിയിരുന്നു. വിജയ് ചിത്രം മാസ്റ്ററിലും പ്രധാന വില്ലന്‍ കഥാപാത്രം അവതരിപ്പിച്ചത് വിജയ് സേതുപതിയാണ്. മൗനം സമ്മതം എന്ന സിനിമയിലൂടെയാണ് തമിഴില്‍ മമ്മൂട്ടി തിളങ്ങിയത്. അഴകന്‍, ദളപതി, കിളിപ്പേച്ച് കേള്‍ക്കവാ, കണ്ടുകൊണ്ടേന്‍ കൊണ്ടുകൊണ്ടേന്‍, ആനന്ദം, പേരന്‍പ് തുടങ്ങി നിരവധി സിനിമകളില്‍ മമ്മൂട്ടി ഭാഗമാവുകയും ചെയ്തിരുന്നു. ഇതില്‍ ഭൂരിഭാഗം സിനിമകളും ഹിറ്റായിരുന്നു.

അതേസമയം ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ച്‌കൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താരം ജ്യോതികയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും കാതലിന് സ്വന്തമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന സിനിമകള്‍.

മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് റോഷാക്ക്. സൈക്കോളജിക്കല്‍ ത്രില്ലറായ റോഷാക്ക് ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് 25 ദിവസം പിന്നിടുകയാണ്. ആദ്യ ദിനം തന്നെ ‘റോഷാക്കി’ന് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ സഞ്ജു ശിവ്റാം, ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.