പപ്പ ഇപ്പോഴും ചുള്ളനാ…. 27 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ കണ്ടപ്പോള്‍
1 min read

പപ്പ ഇപ്പോഴും ചുള്ളനാ…. 27 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ കണ്ടപ്പോള്‍

1995ല്‍ ഫാസിലിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് റിലീസിനെത്തിയ ചിത്രമാണ് നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’. മമ്മൂട്ടിയും പ്രിയാരാമനുമായിരുന്നു ചിത്രത്തില്‍ നായികാനായകന്മാരായി അഭിനയിച്ചത്. ചിത്രത്തിലെ കുസൃതികുടുക്കകളായ അനുവിനേയും സുധിയേയും പ്രേക്ഷകര്‍ക്ക് അത്രപെട്ടെന്ന് മറക്കാനാവില്ല. ലക്ഷ്മി മരക്കാറും ശരത് പ്രകാശുമായിരുന്നു അനുവും സുധിയുമായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലതാരങ്ങള്‍. ഇപ്പോഴിതാ 27 വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയെ നേരില്‍ കണ്ട സന്തോഷം പങ്കുവച്ച് കൊണ്ട് ശരത് പ്ങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്.

’27 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂക്കയോടൊപ്പം ഒരു ഫോട്ടോ എടുക്കാനായതില്‍ വളരെയധികം സന്തോഷവാനാണ്. അദ്ദേഹം എന്റെ തോളില്‍ തട്ടി പ്രിവിലേജ് എന്നു പറഞ്ഞപ്പോഴുള്ള വികാരം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. നിങ്ങളുടെ സമയത്തിനും വളരെ മധുരതരമായ പെരുമാറ്റത്തിനും നന്ദി, മമ്മൂക്ക”, എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ശരത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. നിരവധിപേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയിരിക്കുന്നത്. സുധി തോളൊപ്പം വളര്‍ന്നെങ്കിലും പപ്പയ്ക്ക് ഇപ്പോഴും മാറ്റമില്ലെന്നും പപ്പ ഇപ്പോഴും ചുള്ളനാ എന്നെല്ലാമാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ഓരോദിനവും മലയാളികള്‍ക്ക് തെളിയിച്ചു കൊടുക്കുകയാണ് മമ്മൂട്ടിയെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

 

 

View this post on Instagram

 

A post shared by Sarat Prakash (@saratprakash)

തിരുവനന്തപുരം സ്വദേശിയാണ് ശരത്. ദി പ്രിന്‍സ്, അടിവാരം തുടങ്ങിയ സിനിമകളിലും ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന സീമന്തം എന്ന സീരിയലിലും ശരത് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മോഡലിംഗിലും സജീവമാണ് താരം. അഭിനയത്തിനൊപ്പം സംവിധാനത്തിലും താല്‍പര്യമുള്ള ശരത് ബനോഫി പൈ എന്നൊരു ഹ്രസ്വചിത്രവും സംവിധാനം ചെയ്തിരുന്നു. ഇത് വളരെ അധികം സോഷ്യല്‍ മീഡിയകളിലും ശ്രദ്ധ നേടുകയുണ്ടായി. നിരവധി ചലച്ചിത്രമേളകളിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

അതേസമയം ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ച്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താരം ജ്യോതികയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും കാതലിന് സ്വന്തമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന സിനിമകള്‍.