ഒരു മാജിക്കൽ മോഹൻലാൽ മൂവി; ദിവസങ്ങൾ കഴിയും തോറും പ്രേക്ഷകമനസിൽ കോട്ടകൾ തീർക്കുന്നു എൽജെപിയുടെ മലൈക്കോട്ടൈ വാലിബൻ
1 min read

ഒരു മാജിക്കൽ മോഹൻലാൽ മൂവി; ദിവസങ്ങൾ കഴിയും തോറും പ്രേക്ഷകമനസിൽ കോട്ടകൾ തീർക്കുന്നു എൽജെപിയുടെ മലൈക്കോട്ടൈ വാലിബൻ

മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് എന്ന ബാനറല്ലാതെ മറ്റൊരു പരസ്യവും വേണ്ടാത്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. പ്രഖ്യാപിച്ചത് മുതൽ മലയാളം കണ്ടതിൽ വെച്ച് ഏറ്റവുമധികം ഹൈപ്പ് ലഭിച്ച ഈ ചിത്രം തിയേറ്ററിൽ കണ്ടപ്പോൾ ശെരിക്കും ഞെട്ടിപ്പോയി. അക്ഷരാർത്ഥത്തിൽ മാജിക് തന്നെയായിരുന്നു കൺമുന്നിൽ. മാസ്സ് ഇല്ല, എന്നാൽ ക്ലാസുമാണ്.., പതിഞ്ഞ താളത്തിൽ ആവേശം ഒട്ടും ചോരാതെ കഥപറഞ്ഞ് പോകുന്ന രീതിയാണ് ലിജോ പിന്തുടർന്നിരിക്കുന്നത്.

മാസിനൊപ്പം ഇടയ്ക്ക് ഇന്റലക്ച്വൽ ഹാസ്യവും കൂട്ടിച്ചേർത്ത് എൽജെപി തന്റെ കഥാപാത്രങ്ങളോരോരുത്തരെയും ​ഗോദയിലേക്ക് വലിച്ചിറക്കി. അഭിനയിക്കുന്ന കഥാപാത്രങ്ങൾക്കെല്ലാം അർഹിക്കുന്ന പ്രാധാന്യം നൽകുന്ന മോഹൻലാൽ ചിത്രം ഈയടുത്തൊന്നും മലയാളസിനിമാ ലോകം കണ്ടുകാണില്ല. ഒരു മാസ് പടത്തിനെ സംബന്ധിച്ച് താരതമ്യേന കുറവ് കഥാപാത്രങ്ങളുള്ള ചിത്രത്തിലെ കാസ്റ്റിങ് വളരെ മികച്ചതായിരുന്നു.

ഇതിനിടെ പ്രശാന്ത് പിള്ളയുടെ അസാധ്യ മ്യൂസിക്കിനെക്കുറിച്ച് പറയാതിരുന്നാലത് വലിയ നീതികേടാകും. കഥയ്ക്കും കഥാപാത്രങ്ങൾക്കുമൊപ്പം സിനിമയുടെ ശ്വാസ്വാച്ഛ്വാസം പോലെ അത് ഏറിയും കുറഞ്ഞും നൃത്തംവെച്ചു. തുടക്കം മുതൽ ഒടുക്കം വരെ കഥയ്ക്ക് മാറ്റ് കൂട്ടാൻ ഈ സം​ഗീതം നൂറ് ശതമാനം സഹായകമായിട്ടുണ്ട്.

ജോണറിൽ തന്നെ ലിജോ തന്റെ പരീക്ഷണം മുന്നോട്ട് വെച്ച സിനിമയാണിത്. ഒരു മുത്തശ്ശിക്കഥയെന്നോണമാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ചിത്രത്തിലെ സ്ഥലങ്ങളുടെയും കഥാപാത്രങ്ങളുടെയുമെല്ലാം പേരുകളും അതുപോലെത്തന്നെ. സിനിമയിലെ കൂടുതൽ ​ഗ്രേ ഷേഡുള്ള കഥാപാത്രത്തിന്റെ പേര് ചമതകൻ എന്നാണ്, ഇതിൽ തന്നെ എല്ലാം വ്യക്തമാണ്.

പീരിയോഡിക് സിനിമകൾക്ക് സമാനമായ രീതിയിലാണ് കഥാപശ്ചാത്തലമൊരുക്കിയിരിക്കുന്നത്. മല്ലയുദ്ധത്തിൽ പങ്കെടുത്ത് നാടുകൾതോറും സഞ്ചരിച്ച് വിജയം കൊയ്യുന്ന വാലിബൻ എന്ന കഥാപാത്രവും അയ്യനാർ എന്ന വളർത്തച്ഛനും ചിന്നൻ എന്ന സഹോദരനും നയിക്കുന്ന യാത്രയാണ് സിനിമ. ഇതിൽ ചെറുതും വലുതുമായ യുദ്ധങ്ങൾ സംഭവിക്കുന്നു. ഏറ്റവുമൊടുവിൽ സംഭവിക്കുന്ന ട്വിസ്റ്റ് പ്രേക്ഷകനെ അക്ഷരാർത്ഥത്തിൽ പിടിച്ചുലയ്ക്കുന്നതോടെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ​ഗംഭീര പരീക്ഷണത്തിന് തിരശ്ശീല വീഴുന്നു.