ഇടിക്ക് ഇടി, ഫണ്ണിന് ഫൺ, ഡാൻസിന് ഡാൻസ്! രങ്കണ്ണന്‍റെ അഴിഞ്ഞാട്ടം, ഇത് ബ്രാൻഡ് ന്യൂ ഫഫ! ‘ആവേശം’ റിവ്യൂ വായിക്കാം
1 min read

ഇടിക്ക് ഇടി, ഫണ്ണിന് ഫൺ, ഡാൻസിന് ഡാൻസ്! രങ്കണ്ണന്‍റെ അഴിഞ്ഞാട്ടം, ഇത് ബ്രാൻഡ് ന്യൂ ഫഫ! ‘ആവേശം’ റിവ്യൂ വായിക്കാം

എനർജി, അന്യായ എനർജി…കണ്ടുകൊണ്ടിരിക്കുമ്പോള്‍ സിരകളിലേക്ക് ഇരച്ചുകയറുന്നൊരു വല്ലാത്ത എനർജിയുണ്ട്. രങ്കണ്ണനും ഗ്യാങ്ങും ടോപ്പ് ഗിയറിൽ ഉള്ളിലേക്ക് അങ്ങ് ഇടിച്ചങ്ങുകയറും. പേര് പോലെ തന്നെ ആവേശം ഓരോ പ്രേക്ഷക മനസ്സുകളിലും നിറയ്ക്കുന്നൊരു ചിത്രം അതാണ് ഒറ്റവാക്കിൽ ‘ആവേശം’. ഇടിയും ഫണ്ണും ഡാൻസ് നമ്പറുകളും ‘ഡാ മോനേ’ വിളികളുമൊക്കെയായി തിയേറ്ററുകളിൽ പ്രകമ്പനം തീർത്തിരിക്കുകയാണ് ഫഫയുടെ രങ്കണ്ണൻ.

ബാംഗ്ലൂരിലെ വാനവീക്ഷണം കോളേജിലാണ് സിനിമയുടെ തുടക്കം. അവിടെ പഠിക്കാനായെത്തുന്ന മൂന്ന് കുട്ടികള്‍. കോളേജിൽ സീനിയേഴ്സ്സിന്‍റെ അതിക്രൂരമായ റാഗിങ്ങിനിരയാകുന്ന അവർക്ക് എങ്ങനെയെങ്കിലും അവരെ തിരിച്ചടിക്കണമെന്ന് മാത്രമാണ് മനസ്സിൽ. അതിനായി അവിടെ ഒരു ലോക്കൽ സപ്പോർട്ട് ഉണ്ടാക്കിയെടുക്കാനുള്ള തിരച്ചിലിനൊടുവിൽ അവിചാരിതമായി രങ്കണ്ണൻ എന്ന ഗ്യാങ് ലീഡറിന് മുമ്പിൽ അവർ എത്തിപ്പെടുന്നതും തുടർ സംഭവങ്ങളുമൊക്കെയാണ് രണ്ട് മണിക്കൂർ 38 മിനിറ്റ് ദൈ‌‌‍ര്‍ഘ്യമുള്ള ചിത്രം പറയുന്നത്. തീരെ ചെറിയൊരു കഥാതന്തുവിനെ അതിവിദഗ്ധമായി കൂട്ടിയിണക്കി വെക്കേഷൻ കാലത്ത് ആഘോഷിച്ചാസ്വദിക്കാവുന്നൊരു എന്‍റർടെയ്ൻമെന്‍റ് മെറ്റീരിയൽ ആക്കിയിട്ടുണ്ട് ജിത്തു മാധവൻ.

ബാംഗ്ലൂരിലെത്തിച്ചേരുന്ന മൂന്ന് കുട്ടികളുടെ വേഷത്തിൽ ഹിപ്സ്റ്ററും മിഥുൻ ജയ്‍ശങ്കറും റോഷൻ ഷാനവാസും പെർഫെക്ട് കാസ്റ്റിംഗാണ്. മൂവരുടേയും പ്രകടനത്തിൽ ഒരു പുതുമ ഫീൽ ചെയ്യുന്നുണ്ട്. കോളേജിലെ സീനിയേഴ്സിന്‍റെ ലീഡറായെത്തുന്ന കുട്ടി എന്ന കഥാപാത്രമായി മിഥൂട്ടിയും മികച്ച പ്രകടനമാണ്. രങ്കണ്ണന്‍റെ വലംകൈയായ ഹംദാൻ എന്ന കഥാപാത്രമായി സജിൻ ഗോപു ഒരു രക്ഷയില്ലാത്ത പ്രകടനമാണ്. ജിത്തു മാധവിന്‍റെ തന്നെ ‘രോമാഞ്ച’ത്തിലെ നിരൂപ് എന്ന വേഷത്തിൽ കൈയ്യടി നേടിയ സജിന്‍റെ അതിലും മികച്ച കഥാപാത്രമാണ് ആവേശത്തിലേത്. ആഷിഷ് വിദ്യാർഥിയും മൻസൂർ അലിഖാനുമൊക്കെ ശ്രദ്ധേയ വേഷങ്ങളിൽ സിനിമയിൽ എത്തുന്നുണ്ട്.

എല്ലാത്തിലും മേലെ രങ്കൻ എന്ന മാസ് അവതാരമായി ഫഹദ് ഫാസിലിന്‍റെ അഴിഞ്ഞാട്ടം തന്നെയാണ് ‘ആവേശ’ത്തിലേത്. ഇതുവരെ ഒരു സിനിമയിലും കാണാത്ത മാനറിസങ്ങളുമായി തകർത്തഭിനയിച്ചിട്ടുണ്ട് ചിത്രത്തിൽ ഫഫ. അറുപതിലേറെ സിനിമകളിൽ വേറിട്ട വേഷങ്ങളിൽ ഇതിനകം അഭിനയിച്ചിട്ടുള്ള ഫഹദിന്‍റെ കരിയറിലെ തന്നെ ഏറെ പുതുമയുള്ള വേഷമാണ് രങ്കൻ. ‘റീ ഇൻട്രൊഡ്യൂസിങ് ഫഫ’ എന്ന് പറഞ്ഞാണ് ചിത്രം തുടങ്ങുന്നത് തന്നെ. അക്ഷരം തെറ്റാതെ പറയാം രങ്കണ്ണൻ തീർച്ചയായും ബ്രാൻഡ് ന്യൂ ഫഫയെ പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ്.

 

സൂപ്പർ ഹിറ്റായി മാറിയ ‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആക്ഷൻ, കോമഡി ജോണറിൽ എല്ലാം തികഞ്ഞൊരു ചിത്രമാണ്. ബാംഗ്ലൂരിലെ ബാച്ച്‍ലർ ലൈഫിനുള്ളിലെ രസങ്ങളും മറ്റുമൊക്കെയായി ‘രോമാഞ്ചം’ പോലെ തന്നെയാണ് ‘ആവേശ’ത്തിന്‍റെ തുടക്കം എങ്കിലും ചിത്രത്തിലേക്ക് രങ്കണ്ണന്‍റെ എൻട്രിയോടെയാണ് ഗ്രാഫ് മേലോട്ട് ഉയരുന്നത്. ഒരു പക്കാ ഫഫ ഷോ തന്നെയാണ് ജിത്തു ആവേശത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരു വേളപോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധമാണ് ചിത്രമൊരുക്കിയിട്ടുള്ളത്.

സമീർ താഹിർ ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും വിവേക് ഹർഷന്‍റെ എഡിറ്റിംഗും സുഷിൻ ശ്യാമിന്‍റെ സംഗീതവും ഒരു പെരുനാൾ വൈബ് സമ്മാനിക്കുന്ന രീതിയിലുള്ളൊരു ചിത്രമാക്കി മാറ്റിയിട്ടുണ്ട് ‘ആവേശ’ത്തെ. ഓരോ സീനിലും സിരകളിൽ ഊർജ്ജം നിറയ്ക്കുന്ന രീതിയിലുള്ള പ്രകടനവുമായി ഫഫയുടെ വിളയാട്ടം തന്നെയാണ് ചിത്രം. തീർച്ചയായും ഈ വേനലവധിക്കാലത്ത് തിയേറ്ററുകളിൽ കുടുംബത്തോടൊപ്പം കാണാനുള്ളൊരു ടോട്ടൽ ഫുൾ ഓൺ എന്‍റർടെയ്‍ൻമെന്‍റാണ് ‘ആവേശം’ എന്ന് നിസ്സംശയം പറയാം.