”നിന്നെ കിനാവ് കാണും കണ്ണിലാകെ…. വീണ്ടും കോരിത്തരിപ്പിച്ച് എആർ റഹ്മാൻ”; ആടുജീവിതത്തിലെ പുതിയ ​ഗാനം കേൾക്കാം…
1 min read

”നിന്നെ കിനാവ് കാണും കണ്ണിലാകെ…. വീണ്ടും കോരിത്തരിപ്പിച്ച് എആർ റഹ്മാൻ”; ആടുജീവിതത്തിലെ പുതിയ ​ഗാനം കേൾക്കാം…

പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുകയാണ് ആടുജീവിതം എന്ന ഇതിഹാസ സിനിമയ്ക്ക് വേണ്ടി. റഹ്മാൻ കമ്പോസ് ചെയ്ത ചിത്രത്തിലെ പെരിയോനെ എന്ന ​ഗാനം പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിക്കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ട് മില്യണിലധികം ആളുകളാണ് ഈ പാട്ട് യൂട്യൂബിൽ കേട്ടത്. കൂടാതെ റീലുകളിലും ട്രെൻഡിങ് ആണ്. ഇപ്പോൾ ചിത്രത്തിലെ അടുത്ത ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘നിന്നെ കിനാവ് കാണും കണ്ണിലാകെ….’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ടൈറ്റിൽ ഓമനേ… എന്നാണ്. ചിന്മയിയും വിജയ് യേശുദാസും രക്ഷിത സുരേഷും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എആർ റഹ്മാനാണ്. ചിത്രത്തിലെ ആദ്യ ​ഗാനം ആലപിച്ചത് ജിതിൻ രാജ് ആയിരുന്നു. വരികൾ റഫീഖ് അഹമദിന്റെ തന്നെ.

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രത്തിൽ പൃഥ്വിരാജാണ് കേന്ദ്രകഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത്. നജീബിന്റെ കഥാപാത്രമാകാനായുള്ള പൃഥ്വിരാജിന്റെ കഠിനാധ്വാനം സിനിമാപ്രേമികൾക്കിടയിൽ ഏറെ ചർച്ചയായിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ‘ആടുജീവിതം’.

ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. മാർച്ച് 28-നാണ് ‘ആടുജീവിതം’ തീയറ്ററുകളിലെത്തുന്നത്.

ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ് , കെ ആർ ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.