”മരിച്ചാലും എന്റെ ഹൃദയം മമ്മൂസ് എന്ന് പറഞ്ഞ് കൊണ്ടിരിക്കും”; മമ്മൂട്ടിയെ ഇങ്ങനെ വിളിക്കുന്ന സുകുമാരി അന്ന് പറഞ്ഞത്..!
1 min read

”മരിച്ചാലും എന്റെ ഹൃദയം മമ്മൂസ് എന്ന് പറഞ്ഞ് കൊണ്ടിരിക്കും”; മമ്മൂട്ടിയെ ഇങ്ങനെ വിളിക്കുന്ന സുകുമാരി അന്ന് പറഞ്ഞത്..!

ടി സുകുമാരിയുടെ വിയോ​ഗം ഇന്നും മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ്. ഒരുപാട് മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച താരത്തെ പ്രേക്ഷകർ ഇന്നും ഓർക്കുന്നു. നടൻ മമ്മൂട്ടിയും സുകുമാരിയും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു. തന്നെ വളരെ സ്നേഹത്തോടെ മമ്മൂസ് എന്നു വിളിക്കുന്ന അപൂർവ്വം ചിലരെ ഉള്ളൂ, അതിൽ ഒന്ന് സുകുമാരിയമ്മ ആണെന്ന് മമ്മൂട്ടി തന്നെ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സുകുമാരിയമ്മയെ സംബന്ധിച്ചും മമ്മൂട്ടി സ്വന്തം മകനെ പോലെയായിരുന്നു.

വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സുകുമാരിയും ഒരുമിച്ച് പങ്കെടുത്ത ഒരു ചടങ്ങിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ‘എന്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ്’ എന്നാണ് സുകുമാരി പറയുക. മമ്മൂട്ടിയുടെ മനസ്സു കൊണ്ടാണ് താൻ രോഗാവസ്ഥകളെയും മരണത്തെയും മറികടന്ന് പല തവണ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും അവർ പറഞ്ഞിരുന്നു.

മമ്മൂട്ടിയും നിംസ് ഹാർട്ട് ഫൗണ്ടേഷനും സംയുക്തമായി ചേർന്ന് ഹാർട്ടു – ടു – ഹാർട്ട് പദ്ധതിയിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ തുടങ്ങിയ കാലത്ത് ആദ്യം നടത്തിയ 100 ശസ്ത്രക്രിയകളിൽ ഒന്ന് സുകുമാരിയമ്മയക്ക് വേണ്ടിയായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന സുകുമാരിയമ്മയുടെ ശസ്ത്രക്രിയ നടത്തിച്ചത് മമ്മൂട്ടിയായിരുന്നു.

നിംസ് ഹോസ്പിറ്റലിൽ നടന്ന ഒരു ചടങ്ങിനിടെ മമ്മൂട്ടിയെ കുറിച്ച് സുകുമാരിയമ്മ സംസാരിക്കുന്ന പഴയ ഒരു വീഡിയോ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. “മമ്മൂട്ടി എന്നു ഞാൻ പറയില്ല, എന്റെ മമ്മൂസ് ആണ്. മമ്മൂട്ടി നടത്തിയ നൂറ് സർജറികളിൽ ഒന്ന് ഞാനാണ്. അദ്ദേഹത്തിന്റെ ഒരു മനസ്സുകൊണ്ടാണ് ഞാനിവിടെ വരുന്നതും ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിലെത്തുന്നതും ഇന്ന് നിങ്ങൾക്കു മുന്നിൽ സംസാരിക്കാനുള്ള ശേഷിയും തന്നത് അദ്ദേഹമാണ്. ഞാൻ മരിച്ച് കഴിഞ്ഞാലും എന്റെ ഹൃദയം മമ്മൂസ് മമ്മൂസ് എന്ന് പറഞ്ഞു കൊണ്ട് ഇരിക്കും.” സുകുമാരിയുടെ വാക്കുകളിങ്ങനെ. സുകുമാരി സംസാരിക്കുമ്പോൾ ഇടയ്ക്ക് എണീറ്റ് വന്ന് സംസാരിക്കുന്ന മമ്മൂട്ടിയേയും വീഡിയോയിൽ കാണാം.

“ഇവിടെ നിന്നു ഇപ്പോ വലിയ കാര്യത്തിൽ പ്രസംഗിക്കുന്നുണ്ട്. പറഞ്ഞാൽ അനുസരണയില്ലാത്തൊരു സാധനമാണിത്. ആദ്യം ഒരു ഓപ്പറേഷൻ നടത്തി. എന്നിട്ട് ഡാൻസ് കളിക്കാനൊക്കെ പോയി. അതു കുഴപ്പമായി. ഒരു സാധനം പറഞ്ഞാൽ കേൾക്കൂല. പിന്നെ ഞാൻ രാത്രി വിളിച്ച് ഭീഷണിപ്പെടുത്തി ഇവിടെ കൊണ്ടുവന്ന് ഇവിടുന്ന് ഇറക്കരുത് എന്നു പറഞ്ഞിട്ട് മുറിയിൽ പൂട്ടിയിട്ടിട്ടാണ് ഇങ്ങനെ നിൽക്കുന്നത്.

ഇപ്പോ ഈ വർത്തമാനം പറയുന്നതിലൊന്നും ഒരു കാര്യവുമില്ല. ഒരു അനുസരണയുമില്ല. ഇതിനെയൊന്നും ഇങ്ങനെ വളർത്തിയാൽ ശരിയാവൂല.” സുകുമാരിയെ സ്നേഹവാത്സല്യത്തോടെ ചേർത്തു നിർത്തി മമ്മൂട്ടി പറഞ്ഞു. 2013 മാർച്ച് 26നാണ് സുകുമാരി നമ്മളോട് വിട പറഞ്ഞത്. സുകുമാരിയമ്മയുടെ മരണം മമ്മൂട്ടിയെ വല്ലാതെ ബാധിച്ചിരുന്നു.