‘മോഹൻലാലിന്റെ വാലിബൻ പാർട് ടു ഇറങ്ങുമോ?’; ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണമറിയാം
1 min read

‘മോഹൻലാലിന്റെ വാലിബൻ പാർട് ടു ഇറങ്ങുമോ?’; ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണമറിയാം

നേര് എന്ന മോഹൻലാൽ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രേക്ഷകർ ഉറ്റ് നോക്കുന്ന മലയാള സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് വാലിബന്. പതിവ് എൽജെപി ചിത്രങ്ങളിലെ മാജിക് വാലിബനിൽ പതിൻമടങ്ങ് കൂടുതലായി കാണാമെന്ന പ്രതീക്ഷയലാണ് എൽജെപി- മോഹൻലാൽ ആരാധകർ.

അതുകൊണ്ട് ഈ സിനിമയുമായി ബന്ധപ്പെട്ട ഓരോ ചെറിയ അപ്ഡേറ്റുകൾ പോലും ആരാധകർ ആഘോഷമാക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മോഹൻലാലും എൽജെപിയും. ഇതിനിടെ മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗം എത്തുമെന്ന വാർത്തകളും എത്തുന്നുണ്ട്. മോഹൻലാലും എൽജെപിയും രണ്ടാം ഭാഗത്തിനായി വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

രണ്ടാം ഭാഗം എത്തുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ലിജോ ജോസ് പെല്ലിശേരി ഇപ്പോൾ. ”നിലവിൽ ഇല്ല. സിനിമ ഇറങ്ങി കഴിഞ്ഞിട്ട് പങ്കുവയ്ക്കാൻ കഴിയുന്ന സർപ്രൈസ് ഉണ്ടെന്ന് വിചാരിക്കുന്നു” എന്നാണ് സംവിധായകൻ പറയുന്നത്. അതേസമയം, സിനിമയ്ക്ക് ഒരു പ്രത്യേക ജോണർ ഇല്ലെന്നും സംവിധായകൻ വ്യക്തമാക്കുന്നുണ്ട്.

”നമ്മൾ ഒരു കഥയാണ് പറയുന്നത്, കഥ എവിടെ വേണമെങ്കിലും നടക്കാം. ഈ കഥയ്ക്ക് ജോണർ ഇല്ല. ഒരു കെട്ടുകഥ, ഒരു അമർചിത്ര കഥ വായിക്കുന്നത് പോലെയുള്ള ഒരു കഥയാണ്. ആ കഥയ്ക്ക് ഒരു ത്രില്ലർ ആണ്, ആക്ഷൻ ആണ് എന്ന ജോണർ കൊടുക്കുകയല്ല, ഒരു കഥ പറയുക എന്നതാണ്. അതിൽ ആവശ്യമുള്ളതെല്ലാം ഉണ്ട്”- ലിജോ വ്യക്തമാക്കി.

മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ പ്രധാന സിനിമയാവും വാലിബൻ എന്നാണ് പ്രേക്ഷകരും സിനിമ നിരൂപകരും കണക്കുക്കൂട്ടുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റിവ്‌സ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. വാലിബന്റെ പോസ്റ്ററുകൾക്കും പാട്ടുകൾക്കുമെല്ലാം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.