അനിരുദ്ധിന് മെലടിയും വഴങ്ങും :  പുതിയ ‘ലിയോ’ സോംഗ്
1 min read

അനിരുദ്ധിന് മെലടിയും വഴങ്ങും : പുതിയ ‘ലിയോ’ സോംഗ്

ലോകമെമ്പാടുമുള്ള തമിഴ് സിനിമാസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ജനങ്ങൾ നൽകിയിരുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഒരു ഗാനവും പുറത്തിരങ്ങിയിരിക്കുകയാണ്. അന്‍പെനും എന്നാരംഭിക്കുന്ന ഗാനം ലിയോയിലെ മൂന്നാം ഗാനമാണ്. തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവുമധികം വിപണിമൂല്യമുള്ള സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ഗാനമാണിത്. വിഷ്ണു ഇടവന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും ലോതികയും ചേര്‍ന്നാണ്. ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം പാർഥിയുടെ ഫാമിലി ട്രാക്കിൽ യാത്ര ചെയ്യുന്ന ഗാനമാണിത്. വിജയ്‌ക്കൊപ്പം തൃഷയും ബാലതാരം പുയലും മലയാളി താരം മാത്യു തോമസും ഗാനരംഗത്തിലുണ്ട്.

മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .

സെൻസറിംഗ് കഴിഞ്ഞ ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് ആണ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡിഒപി മനോജ് പരമഹംസ, ആക്ഷൻ അൻപറിവ്, എഡിറ്റിങ് ഫിലോമിൻ രാജ്, പിആർഒ പ്രതീഷ് ശേഖർ. ഒക്ടോബർ 19നാണ് ചിത്രത്തിന്‍റെ റിലീസ്.