“ഷിബു ബേബി ജോണിന്റെ അടുത്ത ബ്ലോക്ക് ബസ്റ്ററിനായി തയ്യാറാകൂ” : പെപ്പെ
1 min read

“ഷിബു ബേബി ജോണിന്റെ അടുത്ത ബ്ലോക്ക് ബസ്റ്ററിനായി തയ്യാറാകൂ” : പെപ്പെ

മലയാളികള്‍ ഏറെ നാളായി കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരു സിനിമ. അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ ഇരുകയ്യും നീട്ടി പ്രേക്ഷര്‍ അത് ഏറ്റെടുത്തു. സസ്‌പെന്‍സുകള്‍ക്ക് ഒടുവില്‍ ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന പേര് കൂടി പുറത്തുവന്നതോടെ ആരാധകരുടെ ആവേശത്തിന് അതിരുകള്‍ ഇല്ലായിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തിയറ്ററുകളില്‍ എത്തും. ഷിബു ബേബി ജോണ്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ വാലിബന്‍ റിലീസിന് തീരുമാനം ആയതിന് പിന്നാലെ പുതിയ സിനിമ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷിബു ബേബി ജോണിന്റെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്.

ഇത്തവണ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആന്റണി വാര്‍ഗീസ് ആണ് നായകന്‍. ഇതിന്റെ പ്രഖ്യാപനം ഇന്ന് അണിയറ പ്രവര്‍ത്തകരും നടനും ഔദ്യോഗികമായ നടത്തി. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും എന്നാണ് കരുതപ്പെടുന്നത്. സെഞ്ച്വറി ഫിലിംസും മാക്‌സ് ലാബും നിര്‍മാണത്തില്‍ പങ്കാളികളാണ്. ഗോവിന്ദ് വിഷ്ണുവാണ് സംവിധാനം. വിഷ്ണുവും ദീപു രാജീവനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ നിര്‍മാതാക്കളുടെ സിനിമയില്‍ അഭിനയിക്കുന്ന സന്തോഷം ആന്റണി വര്‍ഗീസ് പങ്കുവച്ചിട്ടുണ്ട്. ‘അടുത്ത ബ്ലോക്ക്ബസ്റ്ററിനായി തയ്യാറാകൂ! ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിന് ശേഷം ജോണ്‍ & മേരി ക്രിയേറ്റീവ്സിന്റെ വലിയ പ്രഖ്യാപനത്തിനായി തയ്യാറാകൂ….ആവേശത്തോടെ കാത്തിരിക്കൂ!’, എന്നാണ് താരം കുറിച്ചത്.

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടിനു സംവിധാനം ചെയ്ത ചാവേറിലായിരുന്നു ആന്റണി വര്‍ഗീസ് ഏറ്രവും ഒടുവില്‍ അഭിനയിച്ചത്. തന്റെ ആദ്യ രണ്ട് ചിത്രങ്ങളില്‍ നിന്നും വേറിട്ട ശൈലിയിലാണ് ടിനു ചാവേര്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് തന്നെ ഇതൊരു അപ്രതീക്ഷിത അനുഭവമായിരുന്നു. ഒരു മുഴുനീള ആക്ഷന്‍ പടം പ്രതീക്ഷിച്ചെത്തിയവര്‍ തെല്ല് നിരാശയും പ്രകടിപ്പിച്ചിരുന്നു. കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, അരുണ്‍ നാരായണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ ചാക്കോച്ചനൊപ്പം മനോജ് കെ യു, അര്‍ജുന്‍ അശോകന്‍, സംഗീത, സജിന്‍ ഗോപു, അനുരൂപ് എന്നിങ്ങനെ നിരവധി താരങ്ങള്‍ മികവാര്‍ന്ന പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. കണ്ണൂരിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും പശ്ചാത്തല സംഗീതവും ഗാനങ്ങളും ചാവേറിനെ ഏറെ മനോഹരമാക്കുന്നുണ്ട്.