മോളിവുഡിനെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഉയര്‍ത്താന്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു ; കിംങ് ഓഫ് കൊത്ത സെക്കന്റ് ലുക്ക് പോസ്റ്റര്‍
1 min read

മോളിവുഡിനെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഉയര്‍ത്താന്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു ; കിംങ് ഓഫ് കൊത്ത സെക്കന്റ് ലുക്ക് പോസ്റ്റര്‍

കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‌ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ ദിവസം ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയെ കുറിച്ച് ദുല്‍ഖര്‍ ആരാധകരുമായി സംസാരിക്കുന്നതിനിടയില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു.

ഏറ്റവും ശാരീരിക വെല്ലുവിളികള്‍ നിറഞ്ഞ സിനിമയാണ് ഇതെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കറുത്ത വേഷത്തില്‍ യുപി9 0009 എന്ന വാഹനത്തില്‍ ചാരി നില്‍ക്കുന്ന ദുല്‍ഖറാണ് ഫസ്റ്റ്ലുക്കില്‍ ഉള്ളത്. 2023 ഓണം റിലീസായി പടം ഇറങ്ങും എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ദുല്‍ഖര്‍ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് പതിനൊന്ന് വര്‍ഷം തികയുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. പോസ്റ്റര്‍ നിരവധിപേരാണ് ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ ചിത്രം വന്‍ ഹിറ്റായിരിക്കുമെന്നും ഈ വര്‍ഷത്തെ ദുല്‍ഖറിന്റെ വന്‍ വിജയചിത്രമായിരിക്കുമെന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫേറര്‍ ഫിലിംസം സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുല്‍ഖറിനൊപ്പം വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമീഷ് രവിയാണ്. സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, മേക്കപ്പ് റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. കിംഗ് ഓഫ് കൊത്തയില്‍ സംഗീതം ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.