ഡബിള്‍ റോളില്‍ അഭിനയിച്ച് ഞെട്ടിച്ച ജോജു ജോര്‍ജ്ജ് ; ‘ഇരട്ട’ ഒടിടിയിലേക്ക്
1 min read

ഡബിള്‍ റോളില്‍ അഭിനയിച്ച് ഞെട്ടിച്ച ജോജു ജോര്‍ജ്ജ് ; ‘ഇരട്ട’ ഒടിടിയിലേക്ക്

ലയാള സിനിമയില്‍ തന്റേതായ സ്ഥാനം പിടിച്ചടക്കിയ നടനാണ് ജോജു ജോര്‍ജ്. മലയാളത്തിന്റെ സ്‌ക്രീനിലേക്ക് എത്തിയിട്ട് കാലങ്ങളായെങ്കിലും ജോജു ജോര്‍ജിലെ പെര്‍ഫോമറിന്റെ ഗതി മാറ്റിവിട്ടത് എം പത്മകുമാര്‍ ചിത്രം ജോസഫിലെ ടൈറ്റില്‍ കഥാപാത്രമാണ്. പിന്നീടങ്ങോട്ട് പൊറിഞ്ചു മറിയം ജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീര്‍ത്ത ജോജു ജോര്‍ജിന്റെ പുതിയ സിനിമ ഇരട്ട തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ ജോജു ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. പ്രമോദ് കുമാര്‍, വിനോദ് കുമാര്‍ എന്നീ ഇരട്ടകളെ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ച ജോജുവിന്റെ കഴിവിനെ സിനിമാ നിരൂപകരും പ്രേക്ഷകരും ഗംഭീര അഭിപ്രായം നല്‍കിയാണ് സ്വീകരിച്ചത്.

കുടുംബ പ്രേക്ഷകരുടെ ഉള്ളലിയിക്കുന്ന ചിത്രമാണെന്നും തിയേറ്റര്‍ ഓഡിയന്‍സ് അഭിപ്രായപ്പെട്ടിരുന്നു. നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇരട്ട. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 3 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ്. വരുന്ന വെള്ളിയാഴ്ച (മാര്‍ച്ച് 3) ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പത്തു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജ്, സൈജു വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രോഹിത് എംജി കൃഷ്ണന്‍ ആണ്. അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചു വച്ച ഒരു പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ചിത്രം. തമിഴ്- മലയാളി താരം അഞ്ജലി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

സമീര്‍ താഹിറിന്റെയും ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറാമാന്‍. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. വരികള്‍ അന്‍വര്‍ അലി, എഡിറ്റിംഗ് മനു ആന്റണി, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, സംഘട്ടനം കെ രാജശേഖര്‍, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ, പിആര്‍ഒ പ്രതീഷ് ശേഖര്‍.