”മമ്മൂക്ക, ഉമ്മ, എനിക്ക് വേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന്’’: ഓസ്ലറിൽ അഭിനയിച്ചതിന് മമ്മൂട്ടിയോട് നന്ദി പറഞ്ഞ് ജയറാം
1 min read

”മമ്മൂക്ക, ഉമ്മ, എനിക്ക് വേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന്’’: ഓസ്ലറിൽ അഭിനയിച്ചതിന് മമ്മൂട്ടിയോട് നന്ദി പറഞ്ഞ് ജയറാം

രിടവേളയ്ക്ക് ശേഷം ജയറാം മലയാള സിനിമയിൽ ശക്തമായ തിരിച്ച് വരവ് നടത്തിയ സിനിമയാണ് ഓസ്ലർ. മിഥുൻ മാന്വൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിക്കൊണ്ട് തിയേറ്ററിൽ മുന്നേറുകയാണ്. ഇതിനിടെ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് രം​ഗത്തിയിരിക്കുകയാണ് ജയറാം. ചിത്രത്തിൽ അതിഥി വേഷത്തിലെത്തി പ്രേക്ഷകരെ ആവേശത്തിരയിലാഴ്ത്തിയ മമ്മൂട്ടിക്ക് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ജയറാം നന്ദി അറിയിച്ചത്.

‘‘ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്. മറ്റൊന്നിനും വേണ്ടിയല്ല, നന്ദി പറയാൻ വേണ്ടിയാണ്. ഒരു വലിയ ഇടവേളയ്ക്കു ശേഷം ഇന്ന് തിയറ്ററിൽ എത്തിയ എന്റെ സിനിമയാണ് എബ്രഹാം ഓസ്‌ലർ. എത്ര വൈകി വന്നാലും നല്ലൊരു സിനിമയുമായി വന്നാൽ നിങ്ങൾ രണ്ടുകയ്യും നീട്ടി തിരിച്ചും സ്വീകരിക്കും എന്നുള്ളതിന് തെളിവാണ് ഇന്ന് തിയറ്ററിൽനിന്ന് എനിക്ക് കിട്ടിയ സ്നേഹവും സന്തോഷങ്ങളും എല്ലാം.

വരും ദിവസങ്ങളിൽ കേരളത്തിലുള്ള എല്ലാ പ്രധാനപ്പെട്ട തീയറ്ററുകളിലും എത്തി നിങ്ങളോടെല്ലാം നേരിട്ട് എനിക്ക് നന്ദി പറയണമെന്നുണ്ട്. അവിടെ വച്ച് നമുക്ക് നേരിട്ടു കാണാം. എന്തായാലും ഈ സിനിമയിലുള്ള എല്ലാ ടെക്‌നീഷ്യൻസിനും സഹ താരങ്ങൾക്കും എല്ലാവർക്കും നന്ദി. എന്നിൽ ഒരു എബ്രഹാം ഓസ്‌ലർ ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിന് മിഥുന് നന്ദി. അവസാനമായി മമ്മൂക്ക, ഉമ്മ, എനിക്ക് വേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന്.’’ -ജയറാം പറയുന്നു.

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓസ്ലർ. മിഥുന്റെ ചിത്രത്തിൽ ആദ്യമായിട്ടാണ് ജയറാം അഭിനയിക്കുന്നത്. മമ്മൂട്ടിയും ആദ്യമായിട്ടാണ് മിഥുന്റെ സിനിമയുടെ ഭാ​ഗമാകുന്നത്. മിഥുൻ തിരക്കഥയെഴുതിയ ടർബോ എന്ന ചിത്രത്തിൽ മമ്മൂട്ടി ഇപ്പോൾ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. വൈശാഖാണ് ചിത്രത്തിന്റെ സംവിധായകൻ.

റിലീസിന് മുൻപ് തന്നെ ഓസ്ലറിൽ മമ്മൂട്ടിയുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അണിയറപ്രവർത്തർ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ട്രെയിലറിൽ മമ്മൂട്ടിയുടെ ശബ്ദം നേരത്തെ വൈറലായിരുന്നു. ചിത്രത്തിന് മികച്ച വാരാന്ത്യം ലഭിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ആദ്യ ദിനത്തിൽ തന്നെ ചിത്രം കോടികളാണ് കേരളത്തിൽ നിന്ന് വാരിയത്. മമ്മൂട്ടി ഇഫക്ടാണ് ചിത്രത്തിൽ പ്രകടമായിരിക്കുന്നത്. മൂന്ന് കോടിയോളം രൂപ കേരള ബോക്‌സോഫീസിൽ നിന്ന് ചിത്രം നേടി എന്നാണ് റിപ്പോർട്ട്.