മോഹൻലാലിന്റെ നായികയായി സുചിത്ര ; മലൈക്കോട്ടൈ വാലിബന്റെ പുതിയ ലിറിക് വീഡിയോ
1 min read

മോഹൻലാലിന്റെ നായികയായി സുചിത്ര ; മലൈക്കോട്ടൈ വാലിബന്റെ പുതിയ ലിറിക് വീഡിയോ

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്നൊരു സിനിമയുണ്ട് മലയാളത്തിൽ. മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം തിയറ്ററുകളിൽ എത്താൻ ഇനി ഏതാനും ദിനങ്ങൾ കൂടി മാത്രമാണ് ബാക്കി. അതുകൊണ്ട് തന്നെ വാലിബനുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകളെല്ലാം ആരാധകർ ഒന്നടങ്കം ഏറ്റെടുക്കുകയാണ്. ജനുവരി 25നാണ് മോഹൻലാൽ ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ പുതിയ ലിറിക് വീഡിയോ പുറത്തുവിട്ടു. മുൻ ബി​ഗ് ബോസ് താരവും നടിയുമായ സുചിത്രയും മോഹൻലാലും ആണ് ​ഗാനരം​ഗത്ത് ഉള്ളത്. പ്രശാന്ത് പിള്ളയുടെ സം​ഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് പിഎസ് റഫീക്ക് ആണ്. പ്രീതി പിള്ള ആണ് ഈ മനോഹര പ്രണയ​ഗാനം ആലപിച്ചിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ നടനും സൂപ്പര്‍ സംവിധായകനും ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും സിനിമാസ്വാദകര്‍ പ്രതീക്ഷിക്കില്ല. അതുതന്നെയാണ് ഇത്രത്തോളം ഹൈപ്പ് ചിത്രത്തിന് ലഭിക്കാന്‍ കാരണവും. നേര് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. പി എസ് റഫീക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ, വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, എം സി ഫിലിപ്പ്, ജേക്കബ് ബാബു എന്നിവരാണ് നിർമ്മാതാക്കൾ.

2024 ജനുവരി 25നാണ് മോഹൻലാൽ ചിത്രത്തിന്റെ റിലീസ്. വ്യാഴാചയാണിത്. ശേഷം വരുന്ന മൂന്ന് ദിനങ്ങൾ അവധിയാണ്. അതായത്, ജനുവരി 26 റിപ്പബ്ലിക് ഡേ, ജനുവരി 27 ശനി, ജനുവരി 28 ഞായർ. അതുകൊണ്ട് തന്നെ റിലീസ് ചെയ്ത് ആദ്യദിനം മുതൽ, മികച്ച പ്രതികരണം കൂടി ലഭിക്കുകയാണെങ്കിൽ ഈ നാല് ദിവസവും മലൈക്കോട്ടൈ വാലിബൻ ബോക്സ് ഓഫീസിൽ തകർക്കുമെന്ന് ഉറപ്പാണ്. കൂടാതെ ആവേശം വാനോളം ഉയർത്തിയിട്ടുള്ള സിനിമ ആയതിനാൽ തിയറ്റർ ക്രൗഡും വലുതായിരിക്കും എന്നാണ് വിലയിരുത്തൽ. നിലവിൽ വേറെ വലിയ റിലീസുകൾ പ്രഖ്യാപിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷ അണിയറ പ്രവർത്തകർക്ക് വയ്ക്കാവുന്നതാണ്.