”നിറത്തിന്റെ പേരിൽ രാമകൃഷ്ണനെ അപമാനിച്ചത് ശരിയായില്ല”; സത്യഭാമയെ വിമർശിച്ച് ഫഹദ് ഫാസിൽ
1 min read

”നിറത്തിന്റെ പേരിൽ രാമകൃഷ്ണനെ അപമാനിച്ചത് ശരിയായില്ല”; സത്യഭാമയെ വിമർശിച്ച് ഫഹദ് ഫാസിൽ

ഡോ. ആർഎൽവി രാമകൃഷ്ണനെ നർത്തകി സത്യഭാമ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ഫഹദ് ഫാസിൽ രം​ഗത്ത്. നിറത്തിന്റെ പേരിൽ അദ്ദേഹത്തെ നർത്തകി സത്യഭാമ അധിക്ഷേപിച്ചത് തെറ്റാണെന്നായിരുന്നു താരം പ്രതികരിച്ചത്. ആലുവ യുസി കോളജിൽ തന്റെ റിലീസിനൊരുങ്ങുന്ന ആവേശത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ഒരു വിദ്യാർഥി ചോദിച്ച ചോദ്യത്തിന്റെ മറുപടിയായാണ് ഫഹദ് പ്രതികരിച്ചത്.

തന്റെ നിലപാട് താൻ പറയാമെന്നും ഇനി ഇത്തരം ചോദ്യങ്ങൾ വേണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു ഫഹദ് സംഭവത്തിൽ മറുപടി പറഞ്ഞത്. 2023ലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. ഒരു മുഴുനീള എന്റർടെയ്നർ ആയി എത്തുന്ന ചിത്രത്തിൽ രങ്കൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്. സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.