‘കണ്ണന്‍ ഭായിയെ ഇങ്ങേര് കൊന്നേനെ’; കിംഗ് ഓഫ് കൊത്തയിലെ കലിപ്പന്‍
1 min read

‘കണ്ണന്‍ ഭായിയെ ഇങ്ങേര് കൊന്നേനെ’; കിംഗ് ഓഫ് കൊത്തയിലെ കലിപ്പന്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്ത കഴിഞ്ഞ ദിവസമാണ് ഒടിടിയിലെത്തി. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് കിങ് ഓഫ് കൊത്ത സ്ട്രീം ചെയ്യുന്നത്. തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഓണം റിലീസായി എത്തിയ ചിത്രത്തിന് ഇന്‍ഷ്യല്‍ കളക്ഷന് പുറമെ ബോക്‌സ്ഓഫീസില്‍ മറ്റൊരു ചലനം സൃഷ്ടിക്കാന്‍ സാധിക്കാതെ പോയി. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. വലിയ ഹൈപ്പില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ലഭിച്ചത്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗമായൊരു കലിപ്പനുണ്ട്. ‘കിരീടം’ എന്ന എവര്‍ഗ്രീന്‍ സുപ്പര്‍ ഹിറ്റ് ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തലുള്ള ഒരു സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റ് ആയിരുന്നു ഇത്. അത്തരത്തില്‍ മറ്റൊരു കലിപ്പനെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ തിരയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കിംഗ് ഓഫ് കൊത്തയിലേതാണ് ഈ ആര്‍ട്ടിസ്റ്റ്. കണ്ണന്‍ ഭായിയും കൊത്ത രാജുവും നേര്‍ക്കുനേര്‍ എത്തിയ സീനില്‍ പുറകിലായാണ് ഇദ്ദേഹം നില്‍ക്കുന്നത്. വില്ലന്മാരോട് കൊത്തയില്‍ നിന്നും പോകാന്‍ ആവശ്യപ്പെടുന്ന രംഗത്തിലെ ഈ ആര്‍ട്ടിസ്റ്റിന്റെ ശൗര്യം കണ്ടാല്‍ ‘കണ്ണന്‍ ഭായിയെ ഇങ്ങേര് കൊന്നേനെ’ എന്ന് തോന്നും എന്നാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍. ഇയാളെ കണ്ടെത്തണമെന്ന ആവശ്യം സിനിമാ ഗ്രൂപ്പുകളില്‍ നിറയുകയാണ്.

‘പടത്തിലെ ഏറ്റവും മാസ്സ് സീന്‍ നോക്കി വേറെ എവിടെയും പോകേണ്ട… കൊത്ത രാജുവും കണ്ണന്‍ ഭായിയും കൊത്ത മഞ്ജുവുമൊക്കെ രണ്ടടി മാറി നിക്കട്ടെ.. ഇനി ഈ കൊത്ത ഈ ചേട്ടന്‍ ഭരിക്കും…കിരീടത്തിലെ ചേട്ടനെ കണ്ടുപിടിച്ചതുപോലെ ഈ ബ്രോയെ നമുക്ക് കണ്ടുപിടിക്കണം, വില്ലന്മാരോട് തിരിച്ചു പോകാന്‍ പറയുന്ന ജനക്കൂട്ടം. പക്ഷേ ആ കൂട്ടത്തില്‍ ഇത്രയും ശൗര്യം വേറെ ആരുടെ മുഖത്തും കണ്ടില്ല. കിരീടത്തില്‍ കണ്ടതിലും കുറച്ചു മേലെ നിക്കുന്ന പ്രകടനം ആരാണാവോ ഈ ജൂനിയര്‍ താരം’, എന്നിങ്ങനെ പോകുന്നു പോസ്റ്റുകള്‍ക്ക് വരുന്ന കമന്റുകള്‍.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 40 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. ജേക്‌സ് ബിജോയ്‌ക്കൊപ്പം ഷാന്‍ റഹ്‌മാനും ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നു. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയായിരുന്നു കിംഗ് ഓഫ് കൊത്ത.