ബോക്‌സ്ഓഫീസ് ഹിറ്റുറപ്പിച്ച് കണ്ണൂര്‍ സ്‌ക്വാഡ് ; ആദ്യ ദിവസം നേടിയതിന്റെ കണക്കുകള്‍
1 min read

ബോക്‌സ്ഓഫീസ് ഹിറ്റുറപ്പിച്ച് കണ്ണൂര്‍ സ്‌ക്വാഡ് ; ആദ്യ ദിവസം നേടിയതിന്റെ കണക്കുകള്‍

മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ ആണ് ഇപ്പോള്‍ മലയാള സിനിമയിലെ ചര്‍ച്ചാവിഷയം. പുതുതായി ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടാന്‍ ഒരുങ്ങുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തിയ ചിത്രം പ്രശംസിക്കപ്പെടുകയാണ്. ആദ്യദിനം മികച്ച അഭിപ്രായം നേടി മുന്നേറിയ ചിത്രം ജോബി വര്‍ഗ്ഗീസ് രാജാണ് സംവിധാനം ചെയ്തത്. പൊലീസ് വേഷം ചെയ്യാന്‍ മമ്മൂട്ടി അല്ലാതെ മറ്റൊരാള്‍ ഇല്ലെന്ന് ആരാധകര്‍ പറഞ്ഞു. വലിയ ഹൈപ്പില്ലാതെയായിരുന്നു റിലീസ്. എന്നാല്‍ റിലീസിന് കണ്ണൂര്‍ സ്‌ക്വാഡിന്റെ കളക്ഷന്‍ മികച്ചതാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

റിലീസിന് കേരള സ്‌ക്വാഡ് 2.40 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. വന്‍ റിലീസ് അല്ലാതെ എത്തിയ ചിത്രം എന്ന നിലയില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിന് ലഭിച്ചത് റിലീസ് ദിവസത്തെ മികച്ച ഗ്രോസ് കളക്ഷനാണ്. 2023ല്‍ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്തും മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ദിവസം ഇടം നേടിയിരിക്കുന്നു. കിംഗ് ഓഫ് കൊത്തയാണ് 5.75 കോടിയുമായി ഒന്നാം സ്ഥാനത്തുള്ളത്. കണ്ണൂര്‍ സ്‌ക്വാഡില്‍ നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡാണ്.

അതേസമയം ആദ്യ ഷോയ്ക്ക് പിന്നാലെ വന്‍ കുതിപ്പാണ് ബുക്കിങ്ങില്‍ ഉണ്ടായിരിക്കുന്നത്. കേരളത്തിലെമ്പാടുമുള്ള ഭൂരിഭാഗം തിയറ്ററുകളിലും ഹൗസ് ഫുള്‍ ഷോകളാണ് നടക്കുന്നത്. രാവിലത്തേതില്‍ വിഭിന്നമായി റെക്കോര്‍ഡ് ബുക്കിങ്ങാണ് നടക്കുന്നതെന്നും ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിന് ആദ്യ ദിനം കിട്ടിയ ഗംഭീര പ്രേക്ഷക അഭിപ്രായങ്ങള്‍ക്കു ശേഷം പ്രേക്ഷകരുടെ ആവശ്യപ്രകാരം ചിത്രം കൂടുതല്‍ തിയേറ്ററുകളിലേക്ക് ഇന്ന് മുതല്‍ എത്തുന്നു. ആദ്യ ദിനം കേരളത്തില്‍ 165 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം ഇന്ന് മുതല്‍ 250ല്‍ പരം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. കേരളത്തില്‍ മാത്രം ഒരു ദിനം ആയിരം ഷോസിലേക്ക് കുതിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്.

മമ്മൂട്ടി മലയാള സിനിമയ്ക്ക് മറ്റൊരു പുതുമുഖ സംവിധായകനെ സമ്മാനിച്ചിരിക്കുന്നു എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ചിത്രത്തിന്റെ മേക്കിങ്ങിന് വന്‍ അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിലെ കേരളത്തിലെ വിതരണാവകാശം എടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യന്‍ ഗ്രാമത്തിലെ ഒരു ആക്ഷന്‍ രംഗം ആവേശമുണ്ടാക്കുന്നതാണെന്നും പ്രായം ഇത്രയായിട്ടും മമ്മൂട്ടി അതിശയിപ്പിക്കുംവിധം ചെയ്യുന്നു എന്നും ഒരു പ്രേക്ഷകന്‍ കുറിക്കുന്നു. മികച്ച മേക്കിംഗാണെന്നാണ് മറ്റൊരാളുടെ അഭിപ്രായം. ഒരു ക്രൈമും പിന്നീട് അതിനെ കുറിച്ചുള്ള അന്വേഷണവുമെല്ലാം വിശ്വസനീയമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ മേന്‍മ എന്നും അഭിപ്രായപ്പെടുന്നു.