ഇന്ത്യൻ സിനിമയിൽ ഇതാദ്യം…!! അപൂർവ്വ നേട്ടവുമായി മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’
1 min read

ഇന്ത്യൻ സിനിമയിൽ ഇതാദ്യം…!! അപൂർവ്വ നേട്ടവുമായി മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’

പരീക്ഷണ സിനിമകള്‍ ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ആരാധകരെയും മലയാള സിനിമാപ്രേമികളെയും അത്ഭുതപ്പെടുത്തുകയാണ്. ഏറ്റവുമൊടുവില്‍ ഭ്രമയുഗം എന്ന സിനിമയുമായിട്ടാണ് താരരാജാവ് എത്തിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മ്മിച്ച സിനിമ സൂപ്പര്‍ഹിറ്റായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒപ്പം ബോക്‌സോഫീസില്‍ വലിയൊരു കളക്ഷനും നേടി ഭ്രമയുഗം ജൈത്ര യാത്ര തുടരുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.

 

‘ഭ്രമയു​ഗം’ റിലീസ് ചെയ്ത് പതിനെട്ട് ദിവസം പിന്നിടുമ്പോൾ ഇതുവരെ സിനിമ നേടിയ കളക്ഷൻ വിവരം പുറത്തുവരികയാണ്. ഭ്രമയു​ഗത്തിന്റെ ഔദ്യോ​ഗിക പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഔദ്യോ​ഗിക വിവര പ്രകാരം 55 കോടിയിലേറെയാണ് മമ്മൂട്ടി ചിത്രം ഇപ്പോൾ നേടിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഇതാദ്യമായാണ് ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രം 55 കോടിയിലേറെ നേടുന്നതെന്നും ഇവർ കുറിക്കുന്നു.

അതേസമയം, നിലവിൽ മലയാളത്തിൽ പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളും സൂപ്പർ ഹിറ്റായി ഓടുകയാണ്. ഒന്ന് ഫുൾ എന്റർടെയ്ൻമെന്റ് ആണെങ്കിൽ മറ്റൊന്ന് സൂപ്പർ സർവൈവൽ ത്രില്ലർ. ഇവർക്കൊപ്പം ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രം പിടിച്ചു നിൽക്കുക എന്നത് ചെറിയ കാര്യമല്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. മമ്മൂട്ടിയുടെ പ്രകടനം വലിയ രീതിയില്‍ നിരൂപക പ്രശംസ നേടിയിരുന്നു. രാഹുലിന്‍റെ സംവിധാനത്തിനൊപ്പം ടി.ഡി. രാമകൃഷ്​ണന്‍റെ സംഭാഷണങ്ങളും ശ്രദ്ധേയമായി.

കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു. രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ. ‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഭ്രമയുഗം’.