ബോക്സോഫീസിൽ നേട്ടം കൊയ്ത്  ‘അന്വേഷിപ്പിൻ കണ്ടെത്തും’…!!  50 കോടി നേടി ടൊവിനോ ചിത്രം
1 min read

ബോക്സോഫീസിൽ നേട്ടം കൊയ്ത് ‘അന്വേഷിപ്പിൻ കണ്ടെത്തും’…!! 50 കോടി നേടി ടൊവിനോ ചിത്രം

നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാനത്തിൽ ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നത്. കൽക്കി എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ചിത്രം കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഇപ്പോഴിതാ ഫെബ്രുവരി ഒൻപതിന് കേരളത്തിലും കേരളത്തിന് പുറത്തും ജിസിസി രാജ്യങ്ങളിലും ഉൾപ്പെടെ റിലീസ് ചെയ്ത ചിത്രം ആഗോള തലത്തിൽ 50 കോടിയാണ് കളക്ഷനായി നേടിയിരിക്കുന്നത്. ഇത് വലിയൊരു നേട്ടം തന്നെയാണ് . കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെ വൻ കുതിപ്പ് തുടരുകയാണ് ബോക്സോഫീസിൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’.കൂടാതെ നെറ്റ്ഫ്ലിക്സ് വലിയ തുകയ്ക്ക് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയതായും സൂചനയുണ്ട്. നാലാം വാരത്തിൽ നിൽക്കുമ്പോഴും ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമിച്ച ചിത്രത്തിൽ ആനന്ദ് നാരാണയൻ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. കേരളം ഏറെ ചർച്ച ചെയ്ത യഥാർത്ഥ കൊലപാതക കേസുകളുടെ ചുവടുപിടിച്ച് സിനിമാറ്റിക്കായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുക്കിയ ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’എന്ന പ്രത്യേകതയുമുണ്ട്.

തൊണ്ണൂറുകളുടെ ആരംഭത്തിൽ കേരളത്തിൽ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. എസ് ഐ ആനന്ദ് നാരായണൻ എന്ന പോലീസ് കഥാപാത്രമായി വേറിട്ട ലുക്കിലാണ് ടൊവിനോ ചിത്രത്തിലുള്ളത്. മുമ്പ് താരം അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി സട്ടിലായാണ് ഈ വേഷം ടൊവിനോ സ്ക്രീനിൽ എത്തിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകാഭിപ്രായം. ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, നന്ദു, ഹരിശ്രീ അശോകൻഷ പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി, അനഘ മായ രവി, അശ്വതി മനോഹരൻ, അർത്ഥന ബിനു തുടങ്ങി നിരവധി താരങ്ങളുടെ ശ്രദ്ധേയ പ്രകടനവുമാണ് ചിത്രത്തിലേത്.